കുട്ടനാട്ടില്‍ പമ്പിങ് ആരംഭിച്ചില്ല; വീടും കൃഷിയും വെള്ളത്തില്‍

ആലപ്പുഴ: കാലവര്‍ഷം എത്തിയിട്ടും കുട്ടനാട്ടില്‍ പമ്പിങ് തുടരാത്തത് കൃഷിയെ ബാധിച്ചിരിക്കുകയാണ്. കുട്ടനാട്ടില്‍ വേമ്പനാട്ട് കായലിനോട് ചേര്‍ന്നുകിടക്കുന്ന പാടശേഖരങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. പമ്പിങ് ആരംഭിക്കാത്ത പക്ഷം സമീപ പാടശേഖരങ്ങളിലും വെള്ളം നിറയും. ഇത് കൃഷിയെ ബാധിക്കുമെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു.

ചാറ്റല്‍ മഴ പോലും കുട്ടനാട്ടുക്കാര്‍ക്ക് ഭീഷണിയാണ്. വേനല്‍ കാലങ്ങളില്‍ പോലും കുട്ടനാട്ടിലെ ചില സ്ഥലങ്ങള്‍ വെള്ളംപൊക്ക ഭീഷണി നേരിടാറുണ്ട്. ഇത്തവണത്തെ കാലവര്‍ഷത്തില്‍ കുട്ടനാട്ടിലെ 22 വീടുകളും രണ്ടാഴ്ചയായി വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പമ്പിങ് നടത്തിയില്ലെങ്കില്‍ ഇവിടെയുള്ള പ്രദേശവാസികള്‍ക്ക് സ്വന്തം നാടും കൃഷിയും വിട്ട് പോവേണ്ടി വരും.

ആലപ്പുഴ, കൈനകരി കൃഷി ഭവന്‍ പരിധിയിലുള്ള തൈയ്യല്‍ കായല്‍, കന്നിട്ട പാടശേഖരങ്ങളിലും സമീപത്തെ മറ്റ് മൂന്ന് പാടശേഖരങ്ങളിലുമാണ് ഭീഷണിയുള്ളത്. ഈ പ്രദേശത്ത് പമ്പിങ്ങ് ഇത് വരെ ആരംഭിച്ചിട്ടില്ല. കന്നിട്ടയിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പാടശേഖരത്തെ മോട്ടോറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി 10 ദിവസത്തിനകം പമ്പിങ് നടത്തണമെന്ന് നേരത്തെ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Exit mobile version