‘കവിത അടിച്ചുമാറ്റി ഖലീല്‍ ജിബ്രാന് നല്‍കിയ ഇമ്രാന്‍ ഖാനോട് മഹാകവി ക്ഷമിച്ചിരിക്കുന്നു’: പാകിസ്താന്‍ പ്രധാനമന്ത്രിയെ ട്രോളി സൈബര്‍ലോകം

ന്യൂഡല്‍ഹി: രവീന്ദ്രനാഥ ടാഗോറിന്റെ കവിതയുടെ വരികള്‍ വിഖ്യാത കവി ഖലീല്‍ ജിബ്രാന്റേതെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ട്രോളി സൈബര്‍ലോകം. ട്വിറ്ററിലാണ് ടാഗോറിന്റെ കവിത ഖലീല്‍ ജിബ്രാന്റേതാക്കി ഇമ്രാന്‍ ഖാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ മനസിലാക്കുന്നവര്‍ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തുന്നു എന്ന് കുറിച്ചാണ് കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. നിസ്വാര്‍ത്ഥ സേവനത്തെ സംബന്ധിച്ച് ടാഗോറിന്റെ ജീവിതം എന്ന പ്രശസ്തമായ കവിതയില്‍ നിന്നുള്ള വരികളാണ് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത്.
ഇന്റര്‍നെറ്റില്‍ ആരോ എഡിറ്റ് ചെയ്ത ചിത്രമാണ് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത്. നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് മാറ്റിയിട്ടില്ല. തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ടാഗോറിന്റെ കവിത അടിച്ചുമാറ്റി ഖലീല്‍ ജിബ്രാന് നല്‍കിയ ഇമ്രാന്‍ ഖാനോട് മഹാകവി ക്ഷമിച്ചിരിക്കുന്നു എന്ന തരത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു.

പറ്റിയ അമളി ഇതുവരെ അദ്ദേഹത്തിന് മനസിലായില്ലെ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. പതിനേഴായിരത്തിലധികം ലൈക്കുക്കളാണ് ഇമ്രാന്‍ ഖാന്റെ ട്വീറ്റിന് ഇതുവരെ ലഭിച്ചത്.

Exit mobile version