സെഞ്ചുറി നഷ്ടത്തില്‍ ധവാന്‍; കൊല്‍ക്കത്തയെ നിഷ്ഭ്രമമാക്കി ഡല്‍ഹി

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തിരുന്നു. 179 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങയ ഡല്‍ഹി കാപിറ്റല്‍സ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

63 പന്തില്‍ നിന്ന് രണ്ടു സിക്സും 11 ബൗണ്ടറിയുമടക്കം 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിഖര്‍ ധവാന്റെയും 46 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും ഇന്നിങ്സുകളാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. കോളിന്‍ ഇന്‍ഗ്രാം സിക്സറിലൂടെ മത്സരം അവസാനിപ്പിച്ചതോടെ ധവാന് ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടം നഷ്ടമായി. ആറു പന്തില്‍ നിന്ന് 14 റണ്‍സുമായി ഇന്‍ഗ്രാം പുറത്താകാതെ നിന്നു.

179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്കായി ധവാനും – പൃഥ്വി ഷായും തകര്‍ത്തടിച്ചാണ് തുടങ്ങിയത്. 18 പന്തില്‍ നിന്നും 32 റണ്‍സ് അടിച്ചു കൂട്ടിയ ഈ കൂട്ടുകെട്ട് പൊളിച്ചത് പ്രസിദ് കൃഷ്ണയാണ്. എഴു പന്തില്‍ നിന്ന് രണ്ടു സിക്സടക്കം 14 റണ്‍സെടുത്ത പൃഥ്വിയെയാണ് പ്രസിദ് പുറത്താക്കിയത്. പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (6) വലിയ സംഭാവനകളില്ലാതെ മടങ്ങി.

പൃഥ്വി ഷായെയും(14) ശ്രേയസ്സ് അയ്യരെയും(6) വേഗത്തില്‍ നഷ്ടമായെങ്കിലും ശിഖര്‍ ധവാന്‍ അതിവേഗം സ്‌കോറിംഗ് നടത്തിയപ്പോള്‍ തടസ്സമില്ലാതെ റണ്‍സ് നേടുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി. ശിഖര്‍ ധവാന്‍ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ പത്തോവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 88 റണ്‍സാണ് നേടിയത്. തുടര്‍ന്നും വേഗത്തില്‍ തന്നെ ബാറ്റിംഗ് തുടര്‍ന്ന ശിഖര്‍-പന്ത് കൂട്ടുകെട്ട് 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്.

31 പന്തില്‍ 46 റണ്‍സ് നേടി നാല് ബൗണ്ടറിയും രണ്ട് സിക്‌സും നേടി പന്ത് പുറത്താകുമ്പോള്‍ 17 പന്തില്‍ 17 റണ്‍സാണ് ഡല്‍ഹി നേടേണ്ടിയിരുന്നുത്. നിതീഷ് റാണയ്ക്കായിരുന്നു വിക്കറ്റ്. പതിവായി സമാനമായ സാഹചര്യത്തില്‍ നിന്ന് മത്സരം കൈവിടുന്ന പതിവ് എന്നാല്‍ ഈ മത്സരത്തില്‍ ഡല്‍ഹിയ്ക്ക് സംഭവിച്ചില്ല.

Exit mobile version