ഭര്‍ത്താവിനെയല്ല, പണം മതി! ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യമില്ല; ഒരു കോടി നല്‍കിയാല്‍ മതിയെന്ന് ഭാര്യ! സമ്മതിച്ച് സുപ്രീം കോടതി

ഭര്‍ത്താവുമായി ഇനി ഒരു ഒത്തുതീര്‍പ്പിനും താത്പര്യമില്ലെന്നും നല്‍കിയ പണം തിരിച്ച് നല്‍കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

ന്യൂഡല്‍ഹി: പിണങ്ങിക്കഴിയുന്ന ഭാര്യ ഇനി ഒത്തുതീര്‍പ്പിന് താല്‍പര്യമില്ലെന്നും പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി. ഭര്‍ത്താവുമായി ഇനി ഒരു ഒത്തുതീര്‍പ്പിനും താത്പര്യമില്ലെന്നും നല്‍കിയ പണം തിരിച്ച് നല്‍കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇത് അംഗീകരിച്ച സുപ്രീംകോടതി യുവതിക്ക് ഒരു കോടി രൂപ നല്‍കാന്‍ ഉത്തരവിട്ടു.

തര്‍ക്കങ്ങളെല്ലാം തീര്‍ക്കാന്‍ തയ്യാറാണെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും തനിക്ക് പണം മാത്രം മതിയെന്നായിരുന്നു ഭാര്യയുടെ നിലപാട്. ഇതോടെ 16 മാസം കൊണ്ട് നാലു ഗഡുക്കളായി ഒരു കോടി രൂപ ഭര്‍ത്താവ് നല്‍കണമെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

അതേസമയം, ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാന്‍ ഇനി ആവില്ലെന്നു ഭര്‍ത്താവും കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇത്തരമൊരു സാഹചര്യത്തില്‍ എന്തിനാണ് തര്‍ക്കവുമായി മുന്നോട്ട് പോകുന്നതെന്ന് ചോദിച്ച കോടതി പണം മാത്രമാണ് പ്രശ്നമെന്നുണ്ടെങ്കില്‍ മറ്റുകോടതികളിലുള്ള ഇതുമായി ബന്ധപ്പെട്ട കേസും തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവും ബന്ധുക്കളും നിര്‍ബന്ധിച്ച് സ്ത്രീധന തുക കൈക്കലാക്കുകയും പിന്നീട് തന്നോട് ക്രൂരമായ പെരുമാറ്റം നടത്തുകയും ചെയ്തു. വിവാഹമോചന പത്രത്തില്‍ ബലംപ്രയോഗിച്ചാണ് ഒപ്പീടിപ്പിച്ചതെന്നും യുവതി പറഞ്ഞു.

ഡല്‍ഹി, ഫരീദാബാദ് കോടതികളില്‍ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഇരുവരും നല്‍കിയിട്ടുണ്ട്. 1.25 കോടിയാണ് യുവതി ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരു കോടിയില്‍ തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു.

Exit mobile version