സ്‌പെയ്‌സ് സ്യൂട്ട് പാകമാവുന്നില്ല! ചരിത്രമാകേണ്ടിയിരുന്ന വനിതകളുടെ ബഹിരാകാശ നടത്തം ഉപേക്ഷിച്ച് നാസ

വാഷിങ്ടണ്‍: ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതേണ്ടിയിരുന്ന വനിതകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ബഹിരാകാശ നടത്തം ഉപേക്ഷിച്ച് നാസ. അന്താരാഷ്ട്ര സ്‌പേയ്‌സ് സ്റ്റേഷന്‍ ശാസ്ത്രജ്ഞര്‍ക്കായി തയ്യാറാക്കിയ ബഹിരാകാശ കുപ്പായം അഥവാ സ്‌പെയ്‌സ് സ്യൂട്ട് പാകമാവാത്തതാണ് നാസയെ ദൗത്യത്തില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കുന്നത്.

വനിതാ ശാസ്ത്രജ്ഞരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബഹിരാകാശനടത്തം ഈ ആഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, ബഹിരാകാശ നടത്തത്തില്‍ പങ്കാളിയാകേണ്ടിയിരുന്ന ആന്‍ മക്ലെയിന്റെ സ്‌പെയ്‌സ് സ്യൂട്ട് അവര്‍ക്ക് പാകമാവാതിരുന്നതും മറ്റൊരു സ്യൂട്ടിന്റെ ലഭ്യതക്കുറവുമാണ് ദൗത്യത്തിന് തിരിച്ചടിയായത്.

ക്രിസ്റ്റീന കോച്ചുമായി ചേര്‍ന്ന് മാര്‍ച്ച് 29നായിരുന്നു ആന്‍ മക്ലെയിന്‍ ബഹിരാകാശ നടത്തത്തിന് പോവേണ്ടിയിരുന്നതെന്ന് നാസയുടെ ബ്ലോഗ് വിവരിക്കുന്നു. മീഡിയം പാകത്തിലുള്ള ബഹിരാകാശ വസ്ത്രമാണ് ആന്‍ മക്ലെയിനിനും ക്രിസ്റ്റീനയ്ക്കും പാകവാവുക. എന്നാല്‍ മാര്‍ച്ച് 29ാം തീയതിയിലേക്ക് ഇത്തരത്തിലുള്ള ഒരു സ്യൂട്ട് മാത്രമാണ് തയ്യാറാക്കാനാവുക. ക്രിസ്റ്റീനയ്ക്കായി തയ്യാറാക്കിയ ഈ സ്യൂട്ട് അവര്‍ ധരിക്കുകയും നിക് ഹോഗിനൊപ്പം ബഹിരാകാശ നടത്തത്തില്‍ പങ്കാളിയാവുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

1998ല്‍ ബഹിരാകാശ നിലയം സ്ഥാപിച്ചതിനു പിന്നാലെ 214 ബഹിരാകാശ നടത്തങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സ്ത്രീകള്‍ മാത്രമായി ഒരിക്കലും ബഹിരാകാശ നടത്തം സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സ്‌പെയ്‌സ് സ്യൂട്ടിന്റെ പേരില്‍ ഉപേക്ഷിച്ച ദൗത്യത്തില്‍ ശാസ്ത്ര കുതുകികള്‍ നിരാശയിലാണ്.

Exit mobile version