സൂര്യനെ ‘തൊട്ട് ‘ മനുഷ്യനിര്‍മിത പേടകം : ചരിത്രനേട്ടവുമായി നാസ

വാഷിംഗ്ടണ്‍ : സൂര്യന്റെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന ആദ്യ മനുഷ്യനിര്‍മിത പേടകമെന്ന നേട്ടം സ്വന്തമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. സൂര്യന്റെ അന്തരീക്ഷമായ കോറോണയിലൂടെ സഞ്ചരിച്ച് ഇവിടുത്തെ കാന്തിക വലയങ്ങളും അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങളും പേടകം പഠനവിധേയമാക്കിയെന്ന് നാസ അറിയിച്ചു.

മനുഷ്യനിര്‍മിതമായ മറ്റൊരു പേടകവും ഇതിനുമുമ്പ് സൂര്യന്റെ ഇത്രയും അടുത്ത് എത്തിയിട്ടില്ല. ഏപ്രില്‍ 28ന് തന്നെ പാര്‍ക്കര്‍ സൂര്യന്റെ അന്തരീക്ഷത്തിലെത്തിയെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും ഇത് സ്ഥീരീകരിക്കാന്‍ മാസങ്ങളോളം സമയമെടുത്തു. സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ വളരെക്കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് പേടകം കൊറോണയിലൂടെ സഞ്ചരിച്ചത്.

ഒരിക്കലും സാധ്യമാവില്ലെന്ന് കരുതിയിരുന്ന നേട്ടത്തിലൂടെ സൂര്യനെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ക്ക് സാധ്യത കൈവന്നിരിക്കുകയാണെന്ന് നാസയുടെ വക്താവ് തോമസ് സര്‍ബുക്കന്‍ അറിയിച്ചു. നിലവില്‍ മണിക്കൂറില്‍ അഞ്ച് ലക്ഷം കിലോമീറ്റര്‍ എന്ന വേഗത്തിലാണ് പേടകം സഞ്ചരിക്കുന്നത്.

സൂര്യന്റെ ഘടനയും സവിശേഷതകളും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ 2018ലായിരുന്നു പാര്‍ക്കറിന്റെ വിക്ഷേപണം. 2025ല്‍ ദൗത്യം അവസാനിക്കുന്നതിന് മുമ്പ് 15 തവണ കൂടി പേടകം സൂര്യനെ വലം വയ്ക്കും. നാസ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു പാര്‍ക്കറിന്റേത്. 150 കോടി യുഎസ് ഡോളറാണ് ദൗത്യത്തിന്റെ ആകെ ചിലവ്.

ചിക്കാഗോ സര്‍വകലാശാല പ്രൊഫസറും ഭൗതിക ശാസ്ത്രജ്ഞനുമായ യൂജീന്‍ പാര്‍ക്കറുടെ പേരിലാണ് ദൗത്യം നാമകരണം ചെയ്തിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിലുള്ള നാസയുടെ ആദ്യത്തെ ദൗത്യവും ഇതാണ്. കടുത്ത താപനിലയും വെല്ലുവിളി നിറഞ്ഞ അന്തരീക്ഷവും മറികടക്കാനായി പ്രത്യേക കാര്‍ബണ്‍ കോംപസിറ്റുകള്‍ ഉപയോഗിച്ചാണ് പേടകത്തിന്റെ ബാഹ്യരൂപം നിര്‍മിച്ചിരിക്കുന്നത്.

Exit mobile version