ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 19ന് : മൂന്ന് മണിക്കൂറിലധികം നീണ്ടു നില്‍ക്കും

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്. മൂന്ന് മണിക്കൂര്‍ 28 മിനിറ്റ് 23 സെക്കന്‍ഡ് സമയം ഗ്രഹണം നീണ്ട് നില്‍ക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

2001നും 2100നുമിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണമാണിത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ഓടെ ഗ്രഹണം പൂര്‍ണ നിലയിലെത്തും. ചന്ദ്രന്റെ 97ശതമാനം ഭാഗവും ഭൂമിയുടെ മറയിലായി സൂര്യപ്രകാശമില്ലാതാകും. ഇതോടെ ചന്ദ്രന് ചുവപ്പ് നിറമാണുണ്ടാവുക.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലടക്കം ഗ്രഹണം കാണാനാകും. അമേരിക്കയുടെ 50 സ്റ്റേറ്റുകളിലും മെക്‌സിക്കോ, ഓസ്‌ട്രേലിയ, ഈസ്റ്റ് ഏഷ്യ, നോര്‍ത്തേണ്‍ യൂറോപ്പ് എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാണ്.

2021നും 2030നുമിടയില്‍ ഇരുപത് ചന്ദ്രഗ്രഹണങ്ങളുണ്ടെന്ന് നാസ അറിയിച്ചിട്ടുണ്ട്. നവംബര്‍ 19 കഴിഞ്ഞാല്‍ അടുത്ത ഗ്രഹണം 2022 മെയ് 16നാണ് ഉണ്ടാവുക. നേരിട്ട് കാണാന്‍ കഴിയാത്തവര്‍ക്ക് നാസയുടെ തല്‍സമയ സംപ്രേഷണത്തിലൂടെ ഗ്രഹണം കാണാം.

Exit mobile version