നിര്‍ധനര്‍ക്ക് പുതുജീവിതം പകര്‍ന്ന് സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മ; മൂന്ന് വീടുകളുടെ താക്കോല്‍ദാനം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ധീഖ് അഹമ്മദ് ശനിയാഴ്ച നിര്‍വഹിക്കും

മണ്ണാര്‍ക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായി സേവ് മണ്ണാര്‍ക്കാട് വാട്‌സ് ആപ്പ് കൂട്ടായ്മ. രണ്ടുവര്‍ഷമായി ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്കും അശരണായവര്‍ക്കും വീടും ഭക്ഷണവും ഉള്‍പ്പടെയുള്ള അവശ്യസഹായങ്ങള്‍ എത്തിക്കുന്ന സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മ അനേകരുടെ പ്രതീക്ഷയാണ്.

ആഢംബര വിവാഹങ്ങളുടെ കാലത്ത് മകളുടെ വിവാഹം വളരെ ലളിതമാക്കി, വിവാഹത്തിന് മാറ്റി വച്ച തുക ഉപയോഗിച്ച് വീടില്ലാത്ത മൂന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി അത്യാധുനിക വീടുണ്ടാക്കി കൊടുത്തും സമൂഹത്തിന് മഹനീയ മാതൃകയായിരിക്കുകയാണ് സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മയിലെ അംഗം. കൂടാതെ പ്രളയത്തില്‍ തകര്‍ന്ന വീട് പുതുക്കി പണിതും നല്‍കുന്നുണ്ട് കൂട്ടായ്മ. വീടുകളുടെ താക്കോല്‍ ദാനം ഇറാം ഐടിഎല്‍ ഗ്രൂപ്പിന്റെ എംഡിയും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ സിദ്ധീഖ് അഹമ്മദാണ് നിര്‍വഹിക്കുന്നത്.

അതോടൊപ്പം സേവ് മണ്ണാര്‍ക്കാടിന്റെ ഓഫീസെന്ന സ്വപ്‌നവും സഫലമാകുകയാണ്. മണ്ണാര്‍ക്കാട് പെയിന്‍&പാലിയേറ്റീവ് സെന്ററിന്റെ മുകളില്‍ സേവ് മണ്ണാര്‍ക്കാടിന്റെ ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം ശനിയാഴ്ച നിര്‍വഹിക്കുന്നു. ചടങ്ങുകള്‍ 30/3/19ന് ശനിയാഴ്ച വൈകിട്ടു 5 മണിക്ക് പ്രതിഭ തീയേറ്ററിന് മുന്‍വശത്ത് തയ്യാറാക്കുന്ന വേദിയില്‍ വെച്ച് നടത്തപ്പെടുന്നു.

രണ്ടുവര്‍ഷമായി സാമൂഹിക വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് സേവ് ണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. മണ്ണാര്‍ക്കാട് ഗവ: ആശുപത്രിയിലെ നിര്‍ധനരോഗികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ സൗജന്യ ഭക്ഷണം എത്തിക്കുന്നു, ബ്ലഡ് ഡോണേര്‍സ് ഫോറം കേരളത്തിലെല്ലായിടത്തും രക്തം ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നു, കുപ്പായക്കൂട് പദ്ധതിയിലൂടെ പ്രദേശത്തെ നിര്‍ധനരായവര്‍ക്ക് വിശേഷാവസരങ്ങളില്‍ പുത്തന്‍ വസ്ത്രങ്ങള്‍ എത്തിച്ചുകൊടുക്കുന്നു, കൂടാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതിയും സേവ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ നടക്കുന്നു. കൂടാതെ കിടപ്പിലായ രോഗികള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും സര്‍ക്കാറില്‍ നിന്നുള്ള സഹായം ലഭ്യമാക്കി കൊടുക്കാനും കൂട്ടായ്മ ശ്രമിക്കുന്നുണ്ട്.

അതോടൊപ്പം മൊട്ടമല പ്രദേശത്തെ വീടുകളിലെ കുട്ടികള്‍ക്ക് ജന്മനാ അംഗവൈകല്യം സംഭവിക്കുന്നതിനെ കുറിച്ച് പഠിയ്ക്കാന്‍ എംഇഎസ് മെഡിക്കല്‍ കോളേജുമായി ചേര്‍ന്ന് പദ്ധതിയുമുണ്ട്. ഈ സ്ഥലത്തെ 22 വീടുകളിലെയും കുട്ടികള്‍ അംഗവൈകല്യം ബാധിച്ചവരാണ്. ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ സേവ് ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കൂടാതെ വേനല്‍കാലത്ത് പുഴകള്‍ വൃത്തിയാക്കിയും പ്രദേശത്തെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന് മുന്‍കൈയ്യെടുത്തും ജനങ്ങളുടെ സാമൂഹികജീവിതം സുരക്ഷിതമാക്കുകയാണ് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ബിസിനസുകാരുമെല്ലാം അടങ്ങുന്ന സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മ.

ചെയര്‍മാന്‍ ഫിറോസ് ബാബു, ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍, ട്രഷറര്‍ ശിവപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയിലൂടെയാണ് സേവ് മണ്ണാര്‍ക്കാടിന്റെ നന്മ പ്രവര്‍ത്തനങ്ങള്‍.

Exit mobile version