തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാവും.
പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്ത് വേനൽ കടുത്തിരിക്കുകയാണ്. അതിനാൽ പലയിടത്തും സൂര്യരശ്മിയിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അൾട്രാവയലറ്റ് മീറ്ററുകളിലെ സൂചിക അനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര എന്നിവിടങ്ങളിൽ സൂചിക എട്ടാണ്.
അതായത് അതീവ ജാഗ്രത പുലർത്തേണ്ട സ്ഥിതിയാണ്. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പൊന്നാനി എന്നിവിടങ്ങളിൽ ഇന്നലെ ഏഴാണ് രേഖപ്പെടുത്തിയത്. തൃത്താലയിൽ ആറും.
