പിസി ജോര്‍ജും മകനും ബിജെപിയില്‍ ചേര്‍ന്നു; കേരള ജനപക്ഷം സെക്കുലറും ലയിച്ചു

ന്യൂഡല്‍ഹി: കേരള ജനപക്ഷം സെക്കുലര്‍ നേതാവ് പിസി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയും ബിജെപിയില്‍ ലയിച്ചു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കറും കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പിസി ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പിസി ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു.

ബിജെപി നേതൃത്വം വിളിപ്പിച്ചതനുസരിച്ച് ഇന്നലെ ഡല്‍ഹിയിലെത്തിയ പിസി ജോര്‍ജ് വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എല്‍ഡിഎഫും യുഡിഎഫും സ്വീകരിക്കാതായതോടെ ഏറെ നാളായി ബിജെപിയോടൊപ്പമായിരുന്നു പിസി ജോര്‍ജ്.

കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് ഘടക കക്ഷിയായി ജോര്‍ജിന്റെ പാര്‍ട്ടിയെ ബിജെപിയില്‍ എടുക്കുന്നതില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്നാണ് അംഗത്വം എടുത്താല്‍ മാത്രമേ സഹകരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന നിര്‍ദേശം ബിജെപി മുന്നോട്ടുവെച്ചത്. ഇത് പിസി ജോര്‍ജ് സ്വീകരിക്കുകയായിരുന്നു. പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ജോര്‍ജിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയേക്കുമെന്നും അഭ്യൂഹമുണ്ട്.

‘ഇന്ത്യയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. നെഹ്‌റു മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതാണ് ശരിയെന്നാണ് പാര്‍ട്ടിയില്‍ എല്ലാവരുടെയും അഭിപ്രായം. സീറ്റൊന്നും പ്രശ്‌നമല്ല. പത്തനംതിട്ടയില്‍ നിന്നേ തീരൂ എന്നെനിക്ക് ഒരു നിര്‍ബന്ധവുമില്ല’- പി.സി ജോര്‍ജ് പറഞ്ഞു.

Exit mobile version