ആര്‍ക്കും അറിയാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ ഇവിടെ കൊണ്ടുവന്ന് തള്ളുന്നു; മലയാളം സിനിമകള്‍ക്ക് തിയ്യേറ്റര്‍ കിട്ടുന്നില്ലെന്ന് വിജയ് ബാബു.

കൊച്ചി: ആര്‍ക്കും അറിയാത്ത അന്യഭാഷ ചിത്രം കേരളത്തില്‍ കൊണ്ടുവന്ന് തള്ളുന്നത് കാരണം മലയാളത്തില്‍ നല്ല കണ്ടന്റുള്ള കൊച്ചു സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുന്നെന്ന് നിര്‍മാതാവും നടനുമായ വിജയ് ബാബു.

തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളില്‍ നിന്നും അറിയപ്പെടാത്ത സിനിമകള്‍ വലിയ വിതരണക്കാര്‍ കേരളത്തില്‍ കൊണ്ടുവന്ന് തള്ളുകയാണ്. തിയറ്റര്‍ ഉടമകളില്‍ സമ്മര്‍ദ്ദമുണ്ടാക്കി അവര്‍ തിയറ്ററുകള്‍ പിടിച്ചെടുക്കുമ്പോള്‍ മലയാളത്തിലെ കണ്ടന്റ് പ്രാധാന്യമുള്ള കൊച്ചു സിനിമകള്‍ എങ്ങനെ റിലീസ് ചെയ്യാനാകുമെന്ന് വിജയ് ബാബു ചോദിക്കുന്നു.

‘ആര്‍ക്കും അറിയില്ലാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ ഇവിടെയുള്ള പ്രധാന വിതരണക്കാര്‍ കേരളത്തിലെ തിയറ്ററുകളില്‍ കൊണ്ടുവന്ന് തള്ളുകയാണ്. ഇത്തരം വിതരണക്കാര്‍ തിയറ്റര്‍ ഉടമകളുടെ മേല്‍ സമ്മര്‍ദം ചെലുത്തി അന്യഭാഷ സിനിമകള്‍ കൊണ്ട് തിയറ്ററുകള്‍ നിറയ്ക്കുമ്പോള്‍ മലയാള സിനിമകള്‍ എങ്ങനെ ഇവിടെ റിലീസ് ചെയ്യും? കണ്ടന്റ് പ്രാധാന്യമുള്ള മലയാള സിനിമകളെ അവഗണിച്ചാണ് ഇതുപോലുള്ള പേരറിയാത്ത സിനിമകള്‍ക്ക് കൂടുതല്‍ സ്‌ക്രീന്‍സും ഷോയും തിയറ്റര്‍ ഉടമകള്‍ നല്‍കുന്നത്.

മലയാള സിനിമകളുടെ ഐഡന്റിറ്റി ഇതുമൂലം നഷ്ടപ്പെടും. പാന്‍ ഇന്ത്യന്‍, പാന്‍ സൗത്ത്, ബോളിവുഡ്, ഹോളിവുഡ്, പിന്നെ വലിയ മലയാളം സിനിമകള്‍ മാത്രം ഇവിടെ റിലീസ് ചെയ്യും. മറ്റുള്ള കൊച്ചു മലയാള സിനിമകള്‍ പത്തോ അതിലധികമോ ആയി ഒരു മഴക്കാലത്ത് ഒറ്റ ദിവസം റിലീസ് ചെയ്യും.

ഖല്‍ബ് എന്ന സിനിമ ഇതിനിടയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു. അസോസിയേഷനോട് ഒരു അപേക്ഷയുണ്ട്, ഇതൊരു ദുരവസ്ഥയാണ്. നിങ്ങളുടെ കണ്ണ് തുറക്കണം. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ ക്രിസ്മസിന് ഒരു ഒറ്റ മലയാള സിനിമയാണ് റിലീസ് ചെയ്തത് എന്നും വിജയ് ബാബു പറഞ്ഞു. ഇടി, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖല്‍ബ്. ‘മൈക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ രഞ്ജിത്ത് സജീവ് ആണ് നായകന്‍. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.

Exit mobile version