ഐടി രംഗത്ത് നല്ല ജോലി, 20 ലക്ഷം രൂപ വാർഷിക വരുമാനം; ആദ്യ വിവാഹം മറച്ചുവെച്ചു രണ്ടാം വിവാഹം ചെയ്ത യുവാവ് പിടിയിൽ

ഫെബ്രുവരി മൂന്നിനാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മാട്രിമോണി സൈറ്റിലൂടെയാണ് വിവാഹാലോചന എത്തിയത്.

തൃക്കാക്കര: വിവാഹ തട്ടിപ്പുകേസിലെ പ്രതി കൊച്ചിയിൽ അറസ്റ്റിൽ. ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത കേസിലെ പ്രതി തൃശ്ശൂർ ചെന്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ് .

ഫെബ്രുവരി മൂന്നിനാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മാട്രിമോണി സൈറ്റിലൂടെയാണ് വിവാഹാലോചന എത്തിയത്. ഐടി രംഗത്ത് നല്ല ജോലിയുണ്ടെന്നും 20 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടെന്നുമാണ് വൈശാഖ് യുവതിയേയും കുടുംബത്തേയും ധരിപ്പിച്ചിരുന്നത്.

ബി ടെക് ബിരുദധാരിയാണെന്നും ചെന്നൈ ഐഐടിയിൽ ഓൺലൈനായി പഠിക്കുന്നുണ്ടെന്നും ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു . വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും ഇടക്കിടെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്.

വൈശാഖ് നേരത്തെ വിവാഹിതനാണെന്ന് ബന്ധുക്കൾ കണ്ടെത്തി. ബി ടെക് പാസ്സാകാത്ത പ്രതി ബംഗളൂരുവിൽ സിവിൽ സർവീസ് കോച്ചിംഗിന് ചേർന്നാണ് ബിഹാർ സ്വദേശിയായ യുവതിയെ കഴിഞ്ഞ വർഷം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇത്. സ്വകാര്യ സ്ഥാപനത്തിൽ ഉന്നത ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ആദ്യ വിവാഹം.

ആദ്യ ഭാര്യ നൽകിയ പരാതിയിൽ വൈശാഖിനെതിരെ പട്ന പോലീസ് സ്റ്റേഷനിലും കേസുണ്ട്. രണ്ടാം ഭാര്യയുടെ പരാതിയിൽ തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തിയതിന് വൈശാഖിന്റെ അച്ഛൻ പ്രഹ്ലാദൻ, അമ്മ മീന, സഹോദരൻ നിഖിൽ എന്നിവരേയും പോലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

Exit mobile version