‘ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു’ ; മിന്നുമണിയെ പ്രശംസിച്ച് സഞ്ജു സാംസണ്‍

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യിലൂടെയാണ് മിന്നു മണി ഇന്ത്യന്‍ ടീമില്‍ എത്തിയത്.

ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ ഇടംനേടിയ മലയാളി താരം മിന്നു മണിയെ പ്രശംസിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ‘ഹായ് മിന്നു, ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍. അവിസ്മരണീയമായ നേട്ടമാണിത്. നിങ്ങളെയോര്‍ത്ത് നാമെല്ലാം അഭിമാനിക്കുന്നു’ എന്നാണ് സഞ്ജുവിന്റെ പ്രശംസ. സഞ്ജു അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് മിന്നു മണി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ‘നന്ദി സഞ്ജു ചേട്ടാ’ എന്ന കുറിപ്പോടെയാണ് മിന്നു മണിയുടെ ഇന്‍സ്റ്റ സ്റ്റോറി.

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യിലൂടെയാണ് മിന്നു മണി ഇന്ത്യന്‍ ടീമില്‍ എത്തിയത്. അരങ്ങേറ്റത്തില്‍ തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു. തന്റെ മൂന്ന് ഓവറില്‍ 21 റണ്‍സേ മിന്നു മണി വിട്ടുകൊടുത്തുള്ളൂ. അരങ്ങേറ്റ ഓവറില്‍ തന്നെ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് മിന്നു. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ താരം കൂടിയാണ് മിന്നു മണി. വയനാട് സ്വദേശിയാണ്.

അതേസമയം, ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കും. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. രണ്ടാം ടി20യിലും മലയാളി താരം മിന്നു മണി കളിച്ചേക്കും.

Exit mobile version