ഒരു മതില്‍ പങ്കിട്ട് പാളയം പള്ളിയും ഗണപതി കോവിലും: കേരളത്തിന്റെ മനോഹര ചിത്രം പങ്കിട്ട് റസൂല്‍ പൂക്കുട്ടി

കേരള സ്റ്റോറി എന്ന ഹിന്ദി ചിത്രം വിവാദമായിരിക്കുന്ന അവസ്ഥയില്‍ സോഷ്യല്‍ മീഡിയ നിറയെ കേരളാ സ്റ്റോറികളാണ് നിറയുന്നത്. കേരളത്തിന്റെ നന്മ കാഴ്ചയുടെ വീഡിയോകളാണ് വൈറലാകുന്നത്. ഓസ്‌കര്‍ ജേതാവ് എആര്‍ റഹ്‌മാന് പിന്നാലെ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും കേരളത്തിന്റെ മനോഹര ചിത്രമാണ് പങ്കുവച്ചത്.

പാളയം പള്ളിയും ഗണപതി കോവിലും ഒരേ മതില്‍ പങ്കിടുന്ന കാഴ്ചകളാണ് റസൂല്‍ പൂക്കുട്ടി പങ്കിട്ടത്.#MyKeralaStory ഈ ഹാഷ്ടാഗിലാണ് കേരളത്തിന്റെ മനോഹര ചിത്രം റസൂല്‍ പൂക്കുട്ടി പങ്കുവച്ചത്. ഒപ്പം ഇതുപോലത്തെ നിങ്ങള്‍ക്കറിയാവുന്നവ കമന്റ് ചെയ്യാനും അദ്ദേഹം പറയുന്നുണ്ട്. .കമന്റുകളില്‍ നിറയെ കേരളം രാജ്യത്തിന് മാതൃകയായ സാഹോദര്യത്തിന്റേയും ഒരുമയുടേയും സംഭവങ്ങളും ഒട്ടേറെ പേര്‍ കുറിക്കുന്നുണ്ട്.

കേരള സ്റ്റോറി എന്ന ചിത്രം ഉയര്‍ത്തിയ വിവാദത്തിന് പിന്നാലെയാണ് ഇത്തരം നീക്കങ്ങളെ പ്രമുഖ വ്യക്തികള്‍ അടക്കം ശക്തമായി പ്രതിരോധിക്കുന്നത്. തിയറ്ററില്‍ തന്നെ 2018 എന്ന ചിത്രത്തിലൂടെ നല്‍കിയ മറുപടിയും ട്വിറ്റര്‍ പോസ്റ്റില്‍ ആളുകള്‍ പങ്കിടുന്നുണ്ട്.

ഇതേ സമയം ‘ദ് കേരള സ്റ്റോറി’ കേരളത്തില്‍ 20 തിയറ്ററുകളിലാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കല്‍പിക ചിത്രമാണത്, ചരിത്ര സിനിമയല്ലെന്നും കോടതി പറഞ്ഞിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കല്‍പിക കഥയാണെന്ന് ഉള്‍പ്പെടെ സിനിമയുടെ ഡിസ്‌ക്ലെയ്മറില്‍ ഉണ്ടെന്നു കമ്പനി അറിയിച്ചത് പരിഗണിച്ചാണ് ഹൈക്കോടതി ആവശ്യം തള്ളിയത്.

Exit mobile version