സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോയും സമരത്തിലേക്ക്; കൊച്ചിയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം മുടങ്ങും

ഒരുമിച്ചുള്ള സമരം കൊണ്ട് മാത്രമെ ഫലമുണ്ടാകൂ എന്ന വിലയിരുത്തലിലാണ് സൊമാറ്റോ വിതരണക്കാരും സമരത്തിന് പദ്ധതിയിടുന്നത്.

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോയും സമരത്തിന് പദ്ധതിയിടുന്നതോടെ കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം അനിശ്ചിതത്വത്തിലാകും. സ്വിഗ്ഗി വിതരണക്കാരുടെ സമരത്തിന്റെ രണ്ടാം ദിവസമാണിന്ന്.

സ്വിഗ്ഗി ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ കൊച്ചിയില്‍ സമരമിരിക്കുമ്പോഴും സൊമാറ്റോ വിതരണക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഒരുമിച്ചുള്ള സമരം കൊണ്ട് മാത്രമെ ഫലമുണ്ടാകൂ എന്ന വിലയിരുത്തലിലാണ് സൊമാറ്റോ വിതരണക്കാരും സമരത്തിന് പദ്ധതിയിടുന്നത്. നാളെ ആലോചനാ യോഗം ചേരും. അതിന് ശേഷമാകും തീരുമാനം.

സ്വിഗ്ഗി സമരത്തിന്റെ രണ്ടാം ദിവസം നഗത്തിലെ ഭക്ഷണ ഓര്‍ഡറും ഡെലിവറിയെയും ബാധിച്ചിട്ടുണ്ട്. ആദ്യ ചര്‍ച്ച പാളിയെങ്കിലും തുടര്‍ ചര്‍ച്ചകളില്‍ പരിഹാരം കാണുമെന്ന് പ്രതീക്ഷയിലാണ് സമരസമിതി. ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ ആയിരുന്നു ചര്‍ച്ച.

സമരക്കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ കമ്പനി തലപ്പത്ത് നിന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് കേരളത്തിലെ സ്വിഗ്ഗി പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. മിനിമം ചാര്‍ജ് വര്‍ദ്ധനവ് നഷ്ടം കൂട്ടുമെന്ന വാദവും അവര്‍ ഉയര്‍ത്തുന്നു.

also read: കോതമംഗലത്ത് യൂണിഫോമിൽ വിദ്യാർത്ഥികൾ കള്ള് ഷാപ്പിൽ; ഷാപ്പ് ജീവനക്കാരൻ അറസ്റ്റിൽ, ലൈസൻസ് റദ്ദാക്കിയേക്കും

മിനിമം നിരക്ക് ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ഡെലിവറി അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ ശനിയാഴ്ച സ്വിഗ്ഗി കമ്പനിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

നാല് കിലോമീറ്റര്‍ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തില്‍ പോയി, തിരിച്ചെത്തുമ്പോള്‍ 8 കിമി ആണ് ജീവനക്കാര്‍ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാര്‍ പറയുന്നത്.

പത്ത് കിലോമീറ്റര്‍ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാല്‍ 50 രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. തിരികെ വരുന്ന പത്ത് കിലോമീറ്റര്‍ ദൂരം കൂടികണക്കിലെടുത്താല്‍ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നാണ് ജീവനക്കാരുടെ പരാതി. ഈ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി തയ്യാറാകാത്തതോടെയാണ് സ്വിഗ്ഗി വിതരണക്കാര്‍ അനിശ്ചിതകാല ലോഗൗട്ട് സമരം പ്രഖ്യാപിച്ചത്.

Exit mobile version