മറ്റു വാഹനങ്ങള്‍ക്ക് മരണഭീഷണിയായി ചരക്ക് ലോറികള്‍; അപകടമരണങ്ങള്‍ പെരുകുന്നു

സ്‌കൂട്ടറിനു മുന്നില്‍ പോയ ചരക്കു ലോറിയുടെ പിന്‍വശത്തു നിന്നു അഴിഞ്ഞു വീണ കയറാണ് പാറശാല കുളത്തൂര്‍ ആറ്റുപുറം തുമ്പുകല്‍ ലക്ഷംവീട് കോളനിയില്‍ അനിത (32)യുടെ ജീവനെടുത്തത്

സാധന സാമഗ്രികള്‍ അലക്ഷ്യമായി കയറ്റിയുള്ള ചരക്ക് വാഹനങ്ങള്‍ മറ്റു വാഹന യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുന്നു. അശ്രദ്ധമായി വാഹനങ്ങളുടെ വാതിലുകള്‍ തുറക്കുന്നതും മറ്റു യാത്രക്കാരുടെ ജീവനു ഭീഷണിയുയര്‍ത്തുന്നു. അടുത്തിടെ റോഡില്‍ പൊലിഞ്ഞ ജീവനുകള്‍ പലതും ഡ്രൈവര്‍മാരുടെയോ വാഹനത്തില്‍ ഒപ്പം സഞ്ചരിക്കുന്നവരുടെയോ അശ്രദ്ധ കൊണ്ടാണെന്നതു ശ്രദ്ധേയമാണ്.

ചരക്കു ലോറിയുടെ പിന്‍വശത്ത് അഴിഞ്ഞുവീണ കയര്‍ കിക്കറില്‍ കുരുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞ് കരമന പാലത്തിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ യുവതി ദാരുണമായി മരിച്ചത് ഇനിത് ഒരു ഉദാഹരണമാണ്. സ്‌കൂട്ടറിനു മുന്നില്‍ പോയ ചരക്കു ലോറിയുടെ പിന്‍വശത്തു നിന്നു അഴിഞ്ഞു വീണ കയറാണ് പാറശാല കുളത്തൂര്‍ ആറ്റുപുറം തുമ്പുകല്‍ ലക്ഷംവീട് കോളനിയില്‍ അനിത (32)യുടെ ജീവനെടുത്തത്. കയര്‍ അഴിഞ്ഞു വീണതു ലോറി ഡ്രൈവര്‍ അറിഞ്ഞില്ല. റോഡിലൂടെ കയര്‍ ഇഴയുന്നത് അനിതയും ശ്രദ്ധിച്ചില്ല. സ്‌കൂട്ടര്‍ ആടിയുലഞ്ഞപ്പോള്‍ ലോറി നിര്‍ത്താനായി നിലവിളിച്ചെങ്കിലും ഡ്രൈവര്‍ ശ്രദ്ധിച്ചില്ല. സ്‌കൂട്ടര്‍ ഡിവൈഡറിലേക്കു മറിഞ്ഞു തലയിടിച്ചായിരുന്നു അനിതയുടെ മരണം.

എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച പോയ അനിത വീട്ടു ജോലികള്‍ ചെയ്താണ് മുന്നുമക്കളടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുന്നത്. ആറ് മാസമായി ഉള്ളുരിലെ ഒരു വീട്ടില്‍ അടുക്കള ജോലിക്കാരിയായിരുന്നു. സഹോദരനൊപ്പം കുടുംബവീട്ടില്‍ താമസിക്കവേ അടുത്തിടെയാണ് രണ്ട് കിലോമിറ്റര്‍ അകലെയുള്ള ഊരംവിളയില്‍ മുന്ന് സെന്റ് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചത്. ഷീറ്റിട്ട വീടിന്റെ പണികള്‍ പുര്‍ത്തിയായില്ലെങ്കിലും കുടുംബവീട്ടിലെ സ്ഥലപരിമിതി മൂലം നേരത്തെ താമസമാരംഭിക്കാന്‍ തിരുമാനിക്കുകയായിരുന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ സഹോദരനടക്കമുളളവര്‍ കഴിഞ്ഞ ദിവസം വീടിനുള്ളിലെ തറ സിമന്റിടുന്നത് അടക്കമുള്ള അവശ്യ ജോലികള്‍ തീര്‍ത്തു. സ്വന്തമായി വീടെന്ന അഗ്രഹം സ്വപ്നം കണ്ട് ജീവിച്ചിരുന്ന മാതാവിന്റെ വിയോഗവിവരമറിഞ്ഞ ഞെട്ടലിലാണ് മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അങ്കിത്, എട്ടിലും ആറിലും പഠിക്കുന്ന സൗമ്യ, അനൂഷ് എന്നിവര്‍.

Exit mobile version