പരിക്കേറ്റ ബിന്ദു അമ്മിണിയോട് ജീപ്പിൽ കയറാനും അക്രമിയോട് ആശുപത്രിയിൽ പോകാനും പറഞ്ഞ് പോലീസ്; പ്രതിഷേധത്തിന് ഒടുവിൽ ആർഎസ്എസുകാരനായ പ്രതി പിടിയിൽ

കോഴിക്കോട്: ബീച്ചിൽ വെച്ച് മദ്യപനായ ആർഎസ്എസ് പ്രവർത്തകന്റെ ആക്രമണത്തിനിരയായ ബിന്ദു അമ്മിണി പോലീസിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. പരിക്കേറ്റ തന്നോട് പോലീസ് ജീപ്പിൽ കയറാൻ പറഞ്ഞ പോലീസ് ആക്രമിച്ചയാളോട് ആശുപത്രിയിലേക്ക് പോകാനാണ് നിർദേശിച്ചതെന്നും ആരോപിച്ചു.

പോലീസ് എത്തിയത് തന്നെ അറസ്റ്റ് ചെയ്യാനായിരുന്നെന്നും ബിന്ദു അമ്മിണി പറയുന്നു. ഒടുവിൽ തർക്കത്തിന് ശേഷമാണ് ഓട്ടോയിൽ കയറിയതെന്നും പോലീസിൽ നിന്നും നീതി കിട്ടില്ലെന്ന് തനിക്ക് ഉറപ്പായെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു.

സംഘപരിവാർ നിർദേശത്തോടെ തന്നെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ബിന്ദു അമ്മിണി പറയുന്നത്. ഇതിന് മുമ്പും ഇതുപോലെ വധശ്രമങ്ങൾ നടന്നതായും അവർ വ്യക്തമാക്കി.

ഇതിനിടെ ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ ബേപ്പൂർ സ്വദേശി പിടിയിലായി. ആർഎസ്എസ് പ്രവർത്തകനായ വെള്ളയിൽ മോഹൻദാസാണ് പിടിയിലായത്. ഇയാൾ ബിന്ദുവിനെ ആക്രമിച്ചതിന് പിന്നിലെ ലക്ഷ്യം വ്യക്തമായിട്ടില്ല.

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് ആദ്യഘട്ടത്തിൽ പ്രതികരിച്ചിരുന്നത്. ആക്രമിച്ച സമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും ബിന്ദു അമ്മിണിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെനന്ും പോലീസ് അറിയിച്ചു.

Also Read-ബന്ധുവീട്ടിൽ നിന്നും സാധനം വാങ്ങാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു; മൃതദേഹ ഭാഗങ്ങൾ ട്രെയിനിൽ കുരുങ്ങിയ നിലയിൽ; ദാരുണം

ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചിൽ വെച്ച് മദ്യ ലഹരിയിലെത്തിയ ഒരാൾ ആക്രമിച്ചത്. പ്രതിക്കെതിരെ അടിപിടി, സ്ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അടുത്തിടെയാണ് തന്നെ ഓട്ടാറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമം നടന്നതായി ബിന്ദു അമ്മിണി പോലീസിൽ പരാതിപ്പെട്ടത്. കൊയിലാണ്ടിക്കടുത്ത് പൊയിൽകാവിൽ വെച്ച് ഇവരെ ഇടിച്ച് തെറിപ്പിച്ച ഓട്ടോറിക്ഷ നിർത്താതെ പോവുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

Exit mobile version