പത്ത് വർഷം മുമ്പ് വീട് വിട്ടിറങ്ങി; മകൾ നന്ദനയുടെ വിയോഗം അറിയാതെ ശാന്ത കുമാരി തിരിച്ചു സ്വന്തം നാട്ടിലേക്ക് ; പിന്നിൽ സുലക്ഷണയുടെ പരിശ്രമം

പോത്തൻകോട് : സുലക്ഷണയുടെ കനിവ് ലക്ഷ്യം കണ്ടതോടെ ശാന്തകുമാരി 10 വർഷത്തിന് ശേഷം സ്വന്തം വീട്ടിലേക്ക്. വർഷങ്ങൾക്ക് മുൻപ് വീടു വിട്ടിറങ്ങിയ പോത്തൻകോട് കൊടിക്കുന്നിൽ തടത്തരികത്തുവീട്ടിൽ ശാന്തകുമാരി(60) യാണ് മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രദ്ധ റിഹാബിലിറ്റേഷൻ പ്രതിനിധി സുലക്ഷണയുടെ പരിശ്രമത്തിന്റെ ഫലമായി നാട്ടിലെത്തിയത്. ഇവരെ പോത്തൻകോട് പോലീസിന്റെ സാന്നിധ്യത്തിൽ സഹോദരൻ ജോർജിനെ ഏൽപിച്ചു. കൂടാതെ സന്തകുമാരിയെ നാട്ടിലെത്തിക്കാനായി പരിശ്രമിച്ച സുലക്ഷണയെ പ്രിൻസിപ്പൽ എസ് ഐ വിനോദ് വിക്രമാദിത്യൻ സമ്മാനങ്ങൾ നൽകിയാണ് മടക്കി അയച്ചത്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു 2011 ജൂലൈ 20നാണ് ശാന്തകുമാരി ലക്ഷ്യങ്ങളില്ലാതെ ട്രെയിനിൽ കയറിയത്. സംസ്ഥാനങ്ങൾ കടന്ന് 2020 ഏപ്രിൽ 20ന് ഒഡീഷയിലെ ആസിയ മിഷൻ എന്ന സന്നദ്ധ സംഘടന തെരുവിൽ അലയുകയായിരുന്ന ശാന്തകുമാരിയെ കണ്ടെത്തി. ഇവിടെ നിന്നാണ് 3 മാസം മുമ്പ് ശ്രദ്ധ ഫൗണ്ടേഷന് കൈമാറി. തുടർന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ് സുലക്ഷണ നാട്ടിലെത്തിക്കുകയായിരുന്നു. ഭർത്താവ് 30 വർഷം മുൻപ് ഉപേക്ഷിച്ചു പോയതാണ് ശാന്തകുമാരിയെ.

ഏകമകൾ അനു നന്ദന മൂന്നു വർഷം മുൻപ് ജോലിക്കു പോകും വഴി ട്രെയിനിൽ നിന്നു തെറിച്ചു വീണ് മരിച്ചു. ഇക്കാര്യം ശാന്തകുമാരി അറിഞ്ഞിട്ടില്ല. ശാന്തകുമാരിയുടെ അഭാവത്തിൽ സഹോദരി റോസമ്മയോടൊപ്പമായിരുന്നു അനു നന്ദന താമസിച്ചിരുന്നത്. ആലപ്പുഴ നിന്നു എറണാകുളത്തേക്ക് പോകവേ തകഴിയിൽ വച്ചാണ്‌ അപകടം ഉണ്ടായത്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞാണ് ബന്ധുക്കൾ എത്തിയത്. അപ്പോഴേക്കും മുനിസിപ്പാലിറ്റി ജീവനക്കാർ സംസ്‌കാരവും നടത്തിയിരുന്നു.

മകളുടെ ദാരുണമരണമൊന്നും അറിയാതെ ശാന്തകുമാരി തിരിച്ചെത്തിയത്. ഇനി സഹോദരൻ ജോർജ് ശാന്ത കുമാരിയെ സംരക്ഷിക്കും.

Exit mobile version