ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊച്ചി: ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ നടന്‍ജോജു ജോര്‍ജിന്റെ കാറ് തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവും തൃക്കാക്കര സ്വദേശിയുമായ ശെരീഫ് ആണ് അറസ്റ്റിലായത്. വൈദ്യപരിശോധനക്ക് ശേഷം ശെരീഫിനെ കോടതിയില്‍ ഹാജരാക്കും.

കേസില്‍ അഞ്ചു പേര്‍ കൂടി പിടിയിലാകാനുണ്ട്. ചില്ല് തകര്‍ത്ത സംഭവത്തില്‍ രണ്ടാം പ്രതിയും ഐഎന്‍ടിയുസി വൈറ്റില ഓട്ടോറിക്ഷ സ്റ്റാന്‍ഡ് കണ്‍വീനറുമായ വൈറ്റില ഡെല്‍സ്റ്റാര്‍ റോഡ് പേരേപ്പിള്ളി വീട്ടില്‍ ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ജോസഫിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ജോസഫിനെ കൂടാതെ അഞ്ചു പേര്‍ കൂടി അറസ്റ്റിലായെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു.

ജോജുവിന്റെ പരാതിയില്‍ വാഹനം തകര്‍ത്ത സംഭവത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പിവൈ ഷാജഹാന്‍, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജര്‍ജസ്, സൗത്ത് മുന്‍ മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Exit mobile version