പിടാകിട്ടാപ്പുള്ളിയായി ദുൽഖർ; കുറുപ്പ് ട്രെയിലർ എത്തി

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കുറുപ്പ്’ ചിത്രത്തിന്റെ ട്രെയിലർ റിലീസായി. കോവിഡ് ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാന്റേതായി തീയേറ്ററുകളിലെത്തുന്ന ആദ്യ ചിത്രമാണ് കുറുപ്പ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുൽഖറിന്റെ അരങ്ങേറ്റചിത്രമായിരുന്ന ‘സെക്കൻഡ് ഷോ’യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.

35 കോടി ബജറ്റിലെത്തുന്ന ചിത്രത്തിൽ ദുൽഖർ കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഈ മാസം 12ന് തീയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് റിലീസായി മണിക്കൂറുകൾക്കകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വാർത്തയിലൂടെയും മറ്റും മലയാളികൾക്ക് സുപരിചിതമായ സുകുമാര കുറുപ്പിന്റെ ജീവിതകഥ എങ്ങനെയായിരിക്കും വെള്ളിത്തിരയിൽ എത്തുക എന്ന ആകാക്ഷയിലാണ് സിനിമാപ്രേമികൾ.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്‌സും ചേർന്നാണ് നിർമ്മാണം. 105 ദിവസങ്ങൾ കൊണ്ടാണ് സിനിമാ ചിത്രിീകരണം പൂർത്തിയായത്.

Exit mobile version