“കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തി” : ബ്രസീല്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവില്‍

റിയോ ഡീ ജനീറോ : കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ച് ബ്രസീലില്‍ പ്രതിഷേധപ്രകടനം. പ്രസിഡന്റ് ജയ്ര്‍ ബോല്‍സൊണാരോയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ആയിരങ്ങള്‍ തെരുവിലിറങ്ങി.

ബ്രസീലിലെ പ്രധാനപ്പെട്ട നൂറ്റിയറുപതോളം നഗരങ്ങളില്‍ ട്രേഡ് യൂണിയനുകളും പ്രതിപക്ഷവും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്ലാക്കാര്‍ഡുകളും മുദ്യാവാക്യങ്ങളമായി നിരത്തിലിറങ്ങിയ പ്രതിഷേധക്കാര്‍ പൊതുഗതാഗതം സ്തംഭിപ്പിച്ചു. ബോല്‍സൊണാരയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണമെന്നും കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയതില്‍ സര്‍ക്കാരിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്‌ നൂറ് കണക്കിന് അപേക്ഷകളാണ് ഇതിനകം തന്നെ ചേംബര്‍ ഓഫ് ഡ്യൂട്ടീസിന്‌ ലഭിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കഴിഞ്ഞ മാസം നടത്തിയ സര്‍വേയില്‍ നിരവധി പേര്‍ ബോല്‍സൊണാരയ്ക്കനുകൂലമായി വോട്ട് രേഖപ്പെടുത്തിയതാണ് ഇപ്പോള്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടാനുള്ള പ്രധാന കാരണം. അടുത്ത വര്‍ഷം ഒക്‌ടോബറിലാണ് ബ്രസീലില്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍. 2019 ജനുവരിയിലായിരുന്നു ബോല്‍സോണാരോ അധികാരത്തിലേറിയത്. ബ്രസീലിലെ 61ശതമാനം ജനങ്ങളും ബോല്‍സൊണാരോ സര്‍ക്കാരിന്റെ ഭരണത്തില്‍ ഇതിനോടകം തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

വാക്‌സീനെടുക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്യാതെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് ഇതിനുമുമ്പും ബോല്‍സൊണാരോ വ്യാപകമായി രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. കോവിഡിനെത്തുടര്‍ന്ന് ബ്രസീലില്‍ ആറ് ലക്ഷം പേരാണ് മരിച്ചത്. കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയത് കൂടാതെ ബോല്‍സൊണാരോ സര്‍ക്കാരിന്റെ വരവോടെ രാജ്യത്ത് ദാരിദ്ര്യവും അഴിമതിയും വര്‍ധിച്ചതായും ആരോപണമുയര്‍ന്നിരുന്നു.

Exit mobile version