സ്ത്രീകളും ഭരണഘടനയും സുരക്ഷിതരായിരിക്കാന്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരണം: ബിജെപി

ബംഗളൂരു: രാജ്യത്ത് ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്നിടത്തോളം കാലം ഭരണഘടനയും സ്ത്രീകളും സുരക്ഷിതരായിരിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി.

ഹിന്ദുമതം സഹിഷ്ണുതയുള്ള മതമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ അഫ്ഗാനിസ്ഥാന്റെ അവസ്ഥയുണ്ടാകുമെന്നും രവി കൂട്ടിച്ചേര്‍ത്തു. ഭരണഘടന സംരക്ഷിക്കണം എന്നാഗ്രഹിക്കുന്നവര്‍ ‘ഈ സത്യം’ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘മതേതരത്വവും മതപരമായ സഹിഷ്ണതയുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രമാണം. സഹിഷ്ണുതയുള്ളവര്‍ ഭൂരിപക്ഷമായിരിക്കുമ്പോള്‍ മാത്രമേ മതേതരത്വവും സ്ത്രീകള്‍ക്ക് സുരക്ഷയും ഉണ്ടാവുകയുള്ളൂ,’ സിടി രവി പറഞ്ഞു.

ബിജെപി ഒരിക്കലും പ്രീണന രാഷ്ട്രീയം കളിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രീണന രാഷ്ട്രീയം ഒഴിവാക്കി കോണ്‍ഗ്രസ് വസ്തുനിഷ്ഠമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘പ്രീണന രാഷ്ട്രീയം കൂടുതല്‍ പാകിസ്താനുകളെ സൃഷ്ടിക്കും. താല്‍ക്കാലികമായി അധികാരത്തിലേറാന്‍ അതു മതിയാകും,’ സിടി രവി പറഞ്ഞു.

കഴിഞ്ഞ ദിവസം അസദുദ്ദീന്‍ ഉവൈസി നയിക്കുന്ന എഐഎംഎഐമ്മിനെ സിടി രവി താലിബാനോടുപമിച്ചത് വിവാദമായിരുന്നു.

Exit mobile version