ഇന്നലെ വരെ നീല കുപ്പായത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍; ഇന്ന് കാക്കി കുപ്പായത്തില്‍ ഓട്ടോ ഡ്രൈവര്‍! പ്രതിസന്ധിയെ അതിജീവിച്ച് ഇവര്‍

ഹൈക്കോടതി വിധിയില്‍ എം പാനല്‍ കണ്ടക്ടറായിരുന്ന അല്‍താരിഫ് കെഎസ്ആര്‍ടിസിയില്‍ നിന്നും പുറത്തായി.

നെയ്യാറ്റിന്‍കര: അപ്രതീക്ഷിത തിരിച്ചടിയാണ് ഇന്ന് കെഎസ്ആര്‍ടിസിയിലെ നിരവധി കണ്ടക്ടര്‍മാര്‍ നേരിടുന്നത്. നീല യൂണിഫോം അപ്പാടെ ഉപേക്ഷിച്ച് മറ്റ് ജോലികള്‍ കണ്ടെത്തി അന്നം തേടുകയാണ് ഇവര്‍. മീന്‍ വില്‍പ്പന നടത്തിയും മറ്റുമാണ് പ്രതിസന്ധികളെ അതിജീവിക്കുന്നത്. ഇപ്പോള്‍ നീല യൂണിഫോമില്‍ നിന്നും കാക്കിയിലേക്കൊരു നിറം മാറ്റമാണ് ഈ കണ്ടക്ടര്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ വഴുതൂര്‍ പന്തപ്ലാവിള പുത്തന്‍ വീട്ടില്‍ അല്‍താരിഫിനെ കണ്ടിരുന്നത് ഇളം നീല ഷര്‍ടും കടും നീലത്തിലുള്ള പാന്റ്‌സും ധരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറായിട്ടായിരുന്നു.

നേരം ഇരുട്ടി വെളുത്തപ്പോള്‍ ദേ നില്‍ക്കുന്നു ടിബി ജംക്ഷനിലെ ഓട്ടോ സ്റ്റാന്‍ഡില്‍ കാക്കി യൂണിഫോമില്‍ സ്വന്തം ഓട്ടോറിക്ഷക്കരികില്‍ ഡ്രൈവറായി. ഹൈക്കോടതി വിധിയില്‍ എം പാനല്‍ കണ്ടക്ടറായിരുന്ന അല്‍താരിഫ് കെഎസ്ആര്‍ടിസിയില്‍ നിന്നും പുറത്തായി. എങ്കിലും മനസുകൊണ്ട് തോറ്റു കൊടുക്കാന്‍ തയാറല്ലായിരുന്നു. ജീവിതം വഴിമുട്ടരുതല്ലോ? തനിക്ക് മാത്രമല്ല ഭാര്യ മനീഷയ്ക്കും ജീവിക്കണം. അതിനു വേണ്ടി കണ്ടെത്തിയ വഴിയായിരുന്നു ഓട്ടോറിക്ഷ ഓടിക്കല്‍. നേരത്തെ വശമാക്കിയിരുന്ന ഓട്ടോ റിക്ഷഡ്രൈവിങ് അതിന് ആശ്വാസമായി. ബിരുദധാരിയായ അല്‍താരിഫ് 2008ലാണ് കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ കണ്ടക്ടര്‍ ആയി ചേരുന്നത്.

സ്ഥിരപ്പെ ടുത്തുമെന്ന യൂണിയന്‍ നേതാക്കളുടെ ഉറപ്പിലും ആശ്വാസത്തിലും ആത്മാര്‍ഥമായി പണിയെടുത്തു. 54 ഡ്യൂട്ടിവരെ ചെയ്ത മാസങ്ങളുണ്ടായിരുന്നത്രെ. പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ ഇനി പിരിച്ച് വിടില്ലെന്ന് അല്‍താരിഫും സ്വയം ആശ്വസിച്ചു. സ്വന്തമായി ഒരു സെന്റ് ഭൂമിയില്ല. അതിനാല്‍ വീടുമില്ല. സഹോദരന്റെ പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് താമസം. വരുമാനമില്ലാതെ എത്രനാള്‍ അവിടെ കഴിയാനാകും? അങ്ങനെ രാത്രി ചിന്തിച്ച് കിടക്കുമ്പോഴാണ് മുന്‍പ് പഠിച്ച പണി പൊടിതട്ടിയെടുത്ത് പ്രയോഗിച്ചാലോ എന്ന ആശയം ഉദിച്ചതും പിറ്റേന്ന് വാടക ഓട്ടോറിക്ഷയുമായി അല്‍താരിഫ് റോഡിലിറങ്ങിയതും.

Exit mobile version