തിരിച്ചുപിടിക്കാൻ ഇറങ്ങിയ പികെ ഫിറോസിനും പിടിച്ചെടുക്കാൻ ഇറങ്ങിയ ഫിറോസ് കുന്നംപറമ്പിലിനും തിരിച്ചടി; നഷ്ടങ്ങളില്ലാതെ മലപ്പുറത്ത് എൽഡിഎഫ്

firos

മലപ്പുറം: കഴിഞ്ഞതവണ ഒരു അട്ടിമറിയിലൂടെ യുഡിഎഫിന്റെ കൈയ്യിൽ നിന്നും നഷ്ടമായ താനൂർ പിടിച്ചെടുക്കാനായി യുവനേതാവിനെ തന്നെ ഇറക്കിയിട്ടും തിരിച്ചടി. അതേസമയം, തവനൂരിലാകട്ടെ കെടി ജലീലിന്റെ കൈയ്യിൽ നിന്നും മണ്ഡലം തിരിച്ചെടുക്കാനായി ഫിറോസ് കുന്നംപറമ്പിലിനെ ഇറക്കിയിട്ടും ഫലം കണ്ടില്ല. താനൂരിൽ എൽഡിഎഫ് സ്വതന്ത്രൻ എവി അബ്ദുൾ റഹ്മാനും തവനൂരിൽ മുൻമന്ത്രി കെടി ജലീലുമാണ് വിജയിച്ച് കയറിയത്. തവനൂരിൽ ഫോട്ടോഫിനിഷിലാണ് മത്സരഫലം പ്രഖ്യാപിച്ചതെങ്കിൽ താനൂരിലെ ചിത്രം ഉച്ചയോടെ വ്യക്തമായിരുന്നു.

യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് താനൂരിൽ 560 വോട്ടിനാണ് പരാജയപ്പെട്ടത്. കത്വ കേസിലെ ഫണ്ട് തട്ടിയെടുത്തെന്ന വിവാദത്തിൽ അകപ്പെട്ടത് ഫിറോസിന് തിരിച്ചടിയായി. 2016ൽ മുസ്ലിം ലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ അബ്ദുറഹിമാൻ രണ്ടത്താണിയെ അട്ടിമറിച്ചാണ് എൽഡിഎഫിന്റെ അബ്ദുൽ റഹ്മാൻ മണ്ഡലം പിടിച്ചത്. ലീഗിന്റെ അഭിമാന പ്രശ്‌നമായിരുന്നു മണ്ഡലം തിരിച്ചുപിടിക്കൽ. ഇതിനായി യുവനേതാവിനെ തന്നെ ഇറക്കുകയും ചെയ്‌തെങ്കിലും ലീഗിന്റെ കണക്കുകൂട്ടലുകൾ തെറ്റുകയായിരുന്നു.

അതേസമയം, ഏറെ വിവാദങ്ങൾ ഉയർന്നിട്ടും മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നിട്ടും കെടി ജലീൽ നേടിയ വിജയം ആരോപണങ്ങളെ ശക്തമായി എതിർക്കാൻ അദ്ദേഹത്തിന് കരുത്തായിരിക്കുകയാണ്. ചാരിറ്റി രംഗത്തെ പ്രമുഖനായ കോൺഗ്രസ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ അവസാന റൗണ്ട് വരെ ലീഡ് ചെയ്തും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചുമാണ് ഒടുവിൽ അടിയറവ് പറഞ്ഞിരിക്കുന്നത്. 3066 വോട്ടുകൾക്കാണ് ഫോട്ടോഫിനിഷിൽ കെടി ജലീൽ വിജയം പിടിച്ചെടുത്തത്.

സംസ്ഥാനത്ത് ആകെയുള്ള 140 മണ്ഡലങ്ങളിൽ 99 സീറ്റുകളിലും എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. അന്തിമഫലം വരാനിരിക്കെ വലിയ വിജയം തന്നെ ഉറപ്പിച്ചിരിക്കുകയാണ്.

Exit mobile version