പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലത്തില്‍ വിള്ളല്‍; പാലം പണിതത് പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനി

കണ്ണൂര്‍: പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലത്തില്‍ വിള്ളല്‍ കണ്ടെത്തി. പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ സ്ലാബിന്റെ അടിയിലെ ബീമില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഒന്നരയടി കോളം നീളത്തിലുള്ള കോണ്‍ക്രീറ്റ് ഭാഗം ഇളകി വീണു. ഇതേ സ്ലാബിന്റെ തെക്ക് ഭാഗത്ത് അരിക് ഭിത്തിയിലും താഴെയും വിള്ളലും കണ്ടെത്തിയിട്ടുണ്ട്.

സ്ലാബിന്റെ കോണ്‍ക്രീറ്റ് പാളി ഇളകിവീണ സ്ഥലത്തിനോട് ചേര്‍ന്നാണ് സര്‍വീസ് റോഡ് പോകുന്നത്. നിരവധി വാഹനങ്ങളും യാത്രക്കാരും സ്ഥിരമായി പോകുന്ന വഴി കൂടിയാണിത്.

ആര്‍ഡിഎസ് കമ്പനിയാണ് പാപ്പിനിശ്ശേരി മേല്‍പാലം നിര്‍മ്മിച്ചത്. ഇതേ കമ്പനി നിര്‍മ്മിച്ചതായിരുന്നു പൊളിച്ചുമാറ്റി പുതിയതായി നിര്‍മ്മിച്ച പാലാരിവട്ടം പാലവും. പാലാരിവട്ടത്തെ അവസ്ഥ ഈ പാലങ്ങള്‍ക്കും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ നവംബറില്‍ തുറന്നുകൊടുത്ത പാപ്പിനിശ്ശേരി പിലാത്തറ കെഎസ്ടിപി റോഡിലെ താവം മേല്‍പ്പാലത്തിന്റെ അടിഭാഗത്താണ് ഒരു മീറ്ററോളം നീളത്തിലുള്ള വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഡിസൈനനുസരിച്ചല്ല നിര്‍മ്മാണമെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍.

Exit mobile version