ഒറ്റരാത്രി കൊണ്ട് കാണാതായത്‌ 58 അടി നീളമുള്ള നടപ്പാലം : അമ്പരന്ന് പോലീസ്

കൊളംബസ് : അമേരിക്കയിലെ അക്രോണില്‍ 58 അടി നീളമുള്ള നടപ്പാലം ഒറ്റ രാത്രി കൊണ്ട് കാണാതായതില്‍ അമ്പരന്ന് പോലീസും പ്രദേശവാസികളും. കിഴക്കന്‍ അക്രോണിലെ ഒരു അരുവിക്ക് സമീപം വയലില്‍ സ്ഥിതി ചെയ്തിരുന്ന പാലമാണ്‌ ഒരു തുമ്പ് പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായിരിക്കുന്നത്.

നവംബര്‍ 3ന് പാലത്തിലെ ട്രീറ്റ്‌മെന്റ് ഡെക്ക് ബോര്‍ഡുകള്‍ നീക്കം ചെയ്തതായി നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഇതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പാലം മുഴുവനായും ഇല്ലാതായിരിക്കുന്നത്. പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 2000ത്തിന്റെ തുടക്കത്തില്‍ പാലം അരുവിയില്‍ നിന്ന് നീക്കം ചെയ്ത്‌ മറ്റൊരു പദ്ധതിയ്ക്കായി വയലില്‍ സ്ഥാപിക്കുകയായിരുന്നു.

പത്ത് അടി വീതിയും ആറടി ഉയരവും 58 അടി വിസ്തൃതിയും ഉള്ള പാലം കള്ളന്മാര്‍ എങ്ങനെ മോഷ്ടിച്ചുവെന്നതാണ് പോലീസിനെ അമ്പരപ്പിക്കുന്നത്. വയലില്‍ നിന്ന് കൊണ്ടുപൊകുന്നതിന് മുമ്പ് പാലം പല ഭാഗങ്ങളായി ആദ്യം വേര്‍പ്പെടുത്തിയിട്ടാകാം നീക്കം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.പാലത്തിന് ഏകദേശം 40000 ഡോളറാണ് നഗരത്തിലെ എഞ്ചിനീയറിംഗ് വിഭാഗം കണക്കാക്കുന്നത്.

പാലത്തിന്റെ പോളിമര്‍ അധിഷ്ഠിത മെറ്റീരിയല്‍ വില്‍ക്കാനോ പുനരുപയോഗം ചെയ്യാനോ സാധിക്കില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. 22 വര്‍ഷത്തെ സേവനത്തിനിടെ ഇത്രയും വിചിത്രമായ മോഷണം കണ്ടിട്ടില്ലെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.2019ല്‍ റഷ്യയിലും സമാന സംഭവം നടന്നിരുന്നു. ഉമ്പ നദിക്ക് മുകളിലുള്ള 56 ടണ്‍ ഭാരവും 75 അടി നീളവുമുള്ള പാലമാണ് അന്ന് മോഷ്ടിക്കപ്പെട്ടത്.

Exit mobile version