കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു; ഗോള്‍ഡന്‍ ഗ്ലോബ് പൂര്‍ത്തിയാക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ഇന്ത്യന്‍ നാവികസേനാ കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു. പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി.

രണ്ടായിരത്തിലാണ് അഭിലാഷ് ടോമി നാവിക സേനയില്‍ ചേര്‍ന്നത്. 2013ല്‍ പായ്വഞ്ചിയില്‍ ഒറ്റയ്ക്കു ലോകം ചുറ്റി തിരിച്ചെത്തിയ അഭിലാഷിന് രാജ്യം കീര്‍ത്തിചക്ര നല്‍കി ആദരിച്ചിരുന്നു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡല്‍, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിലെ മികവിന് ടെന്‍സിങ് നോര്‍ഗെ നാഷനല്‍ അഡ്വഞ്ചര്‍ അവാര്‍ഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.

2012 ലാണ് അഭിലാഷ് ടോമി മുംബൈ തീരത്തുനിന്ന് പായ് വഞ്ചിയില്‍ യാത്ര തിരിച്ചത്. നാല് ലക്ഷത്തോളം കിലോമീറ്ററുകളാണ് ഒറ്റയ്ക്ക് യാത്ര ചെയ്ത അഭിലാഷ് 2013 ഏപ്രിലില്‍ മുംബൈയില്‍ തന്നെ തിരിച്ചെത്തി.

42 വയസായ അഭിലാഷ് പായ്വഞ്ചി ദൗത്യങ്ങളില്‍ കൂടുതല്‍ പങ്കാളിയാകാനാണ് വിരമിച്ചത്. 2022ലെ ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തില്‍ പങ്കെടുക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാതെ മല്‍സരം പൂര്‍ത്തിയാക്കണമെന്നും വിരമിക്കലിനോട് പ്രതികരിച്ച് അദ്ദേഹം വ്യക്തമാക്കി.

2018ല്‍ ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി സഞ്ചാരത്തില്‍ പങ്കെടുത്ത അഭിലാഷ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍വച്ച് അപകടത്തില്‍പ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1,900 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സ്ഥലത്തുവച്ചായിരുന്നു അപകടം. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയായിരുന്നു അപകടം.

ഫ്രഞ്ച് കപ്പല്‍ ‘ഒസിരിസ്’ ആണ് അഭിലാഷിനെ രക്ഷിച്ചത്. നടുവിന് പരുക്കേറ്റ അഭിലാഷ് ദീര്‍ഘകാലം വിശ്രമത്തിലായിരുന്നു. നാവികസേനയിലെ ചുമതലകളിലേക്ക് മടങ്ങിയെത്തിയെങ്കിലും സെയിലിങ്ങിലേക്ക് തിരിച്ചെത്താനായാരുന്നില്ല. ഇതിനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. നിരവധി അന്താരാഷ്ട്ര സെയിലിങ് മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൊച്ചി കണ്ടനാട് വെല്യാറ വീട്ടില്‍, നാവികസേന റിട്ട. ലഫ്. കമാന്‍ഡര്‍ വി.സി.ടോമിയുടെയും വല്‍സമ്മയുടെയും മകനാണ്.

Exit mobile version