രണ്ടാഴ്ചയ്ക്കുള്ളില്‍ തകര്‍ക്കപ്പെട്ട ക്ഷേത്രം പുനര്‍നിര്‍മ്മിക്കണം; പാകിസ്താന്‍ സുപ്രിംകോടതി

ഇസ്ലാമാബാദ്: തീവ്രവാദികള്‍ തകര്‍ത്ത കരക്കിലെ ഹിന്ദു ക്ഷേത്രം രണ്ടാഴ്ചയ്ക്ക് അകം പുനര്‍നിര്‍മാണം ആരംഭിക്കണമെന്ന് പാക് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹ്‌മദ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. സംഭവത്തില്‍ സുപ്രിംകോടതി നേരിട്ട് ഇടപെട്ട് കേസെടുക്കുകയായിരുന്നു.

അക്രമികള്‍ ക്ഷേത്രത്തിലേക്ക് കയറുന്ന വേളയില്‍ പൊലീസ് എവിടെയായിരുന്നു എന്ന് കോടതി ചോദിച്ചു. അക്രമികളില്‍ നിന്ന് പുനര്‍നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. രാജ്യത്ത് ഇവാക്വീ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡിന് കീഴിലുള്ള പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായി ക്ഷേത്രങ്ങളുടെ പട്ടിക സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഡിസംബര്‍ 30നാണ് കാരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള പരമഹംസ്ജി മഹാരാജ് സമാധിയും കൃഷ്ണ ദ്വാര മന്ദിറും അക്രമികള്‍ തകര്‍ക്കുകയും തീവെക്കുകയും ചെയ്തത്. സംഭവത്തില്‍ 30 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ തീവ്രവാദ ഗ്രൂപ്പിലെ അംഗമാണ് എന്ന് പൊലീസ് വെളിപ്പെടുത്തി. 350 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പ്രവിശ്യാ പൊലീസ് മേധാവി കെപികെ സനാഉല്ല അബ്ബാസി പറഞ്ഞു. ന്യൂനപക്ഷ ആരാധനാലയങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ഹിന്ദു ക്ഷേത്രം സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിക്കാന്‍ ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യാ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തീവ്രവാദ ഗ്രൂപ്പാണ് അക്രമത്തിന് പിന്നില്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ക്ഷേത്രം പുനര്‍നിര്‍മിക്കുമെന്ന് പ്രവിശ്യാ മുഖ്യമന്ത്രി മഹ്‌മൂദ് ഖാന്‍ ആണ് പ്രഖ്യാപനം നടത്തിയിരുന്നത്. ആരാധനാലയം തകര്‍ത്തതില്‍ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ പാകിസ്താനെ പ്രതിഷേധം അറിയിച്ചിരുന്നു.

Exit mobile version