ഒരു യാത്രക്കാരനെ കാണാനില്ല, ദുബായിയില്‍ നിന്നും വിമാനം കയറിയിരുന്നുവെന്ന് ബന്ധുക്കള്‍, പരാതി

കോഴിക്കോട്: നാടിനെ ഒന്നടങ്കം നടുക്കിയ അപകടമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ചത്. 35 അടിതാഴ്ചയിലേക്ക് വീണ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയായിരുന്നു. അപകടത്തില്‍ 19ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി യാത്രക്കാര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

അതിനിടെ ദുരന്തമുണ്ടായ വിമാനത്തിലെ ഒരു യാത്രക്കാരനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കളെത്തി. കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെയാണ് കാണാതായത്. ദുബായിയില്‍ നിന്നും വിമാനം കയറിയിരുന്നുവെന്നും എന്നാല്‍ ഇദ്ദേഹത്തെക്കുറിച്ച് വിവരമില്ലെന്നും സഹോദരന്റെ മകന്‍ പരാതിപ്പെട്ടു.

ഹംസയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ മലപ്പുറം ജില്ലാ കലക്ടറെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം സംഭവിച്ചത്. ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്നു. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 172 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 16 പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ പോസ്റ്റ്‌മോര്ട്ടം കോവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും നടത്തുക. അപകടവിവരമറിഞ്ഞ് നാട്ടുകാരടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി എത്തിയിരുന്നു.

Exit mobile version