ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി വിട്ട് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം, , രാഷ്ട്രീയം തന്നെ വിടുകയാന്നെന്ന് മെഹ്താബ് ഹുസൈന്‍

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നിട്ട് 24 മണിക്കൂറാവും മുമ്പേ തന്നെ പാര്‍ട്ടി വിട്ട് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം മെഹ്താബ് ഹുസൈന്‍. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ബിജെപി വിടാന്‍ തീരുമാനിച്ചതെന്നും പാര്‍ട്ടി മാത്രമല്ല രാഷ്ട്രീയം വരെ ഉപേക്ഷിക്കുകയാണെന്നും മെഹ്താബ് ഹുസൈന്‍ വ്യക്തമാക്കി.

പതാക നല്‍കി പാര്‍ട്ടിയുടെ സ്റ്റേറ്റ് പ്രസിഡന്റ് ദിലീപ് ഘോഷ് ആണ് മെഹ്താബിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. മുരളീധര്‍ സെന്‍ ലൈന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു മെഹ്താബിന്റെ ബിജെപി പ്രവേശനം. എന്നാല്‍ പാര്‍ട്ടിയില്‍ പ്രവേശിച്ച് 24 മണിക്കൂറിനുള്ളില്‍ ബിജെപി വിടുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും പെട്ടെന്ന് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം എടുത്തത് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

”ഇന്ന് മുതല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എനിക്ക് ബന്ധമില്ല. ഈ തീരുമാനത്തില്‍ എന്റെ എല്ലാ അഭ്യുദയകാംക്ഷികളോടും ഞാന്‍ മാപ്പപേക്ഷിക്കുന്നു. ഈ തീരുമാനം ആരുടെയെങ്കിലും നിര്‍ബന്ധം കൊണ്ട് എടുത്തതല്ല. രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള തീരുമാനം പൂര്‍ണ്ണമായും വ്യക്തിപരമാണ്.”- മെഹ്താബ് ഹുസൈന്‍ വ്യക്തമാക്കി.

”ആളുകളോടൊപ്പം നില്‍ക്കാനാണ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ഞാന്‍ തീരുമാനിച്ചത്. പക്ഷേ, അവര്‍ എന്നെ ഒരു രാഷ്ട്രീയക്കാരനായി കാണാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഭാര്യയും മക്കളും പോലും എന്റെ ഈ തീരുമാനത്തില്‍ വേദനിച്ചു. അതുകൊണ്ടാണ് രാഷ്ട്രീയം വിടാന്‍ തീരുമാനിച്ചത്.”- അദ്ദേഹം പറഞ്ഞു.

30 മത്സരങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് മെഹ്താബ് ഹുസൈന്‍. രണ്ട് ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്. ബംഗാളിലെ കൊല്‍ക്കത്ത സ്വദേശിയായ അദ്ദേഹം 2014-16 കാലയളവിലാണ് ബ്ലാസ്റ്റേഴ്‌സില്‍ കളിച്ചത്. 38 മത്സരങ്ങളില്‍ മെഹ്താബ് ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടി.

2015ല്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ച അദ്ദേഹം 2018ല്‍ ക്ലബ് ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ബ്ലാസ്റ്റേഴ്‌സ് കൂടാതെ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജംഷഡ്പൂഎ എഫ്‌സി തുടങ്ങിയ ക്ലബുകളിലും മെഹ്താബ് കളിച്ചിട്ടുണ്ട്.

Exit mobile version