മാസ്‌ക് ധരിച്ച് കൈകൾ വിടർത്തി ‘ബാസിഗർ’; കൊവിഡ് ബോധവത്കരണത്തിന് ഷാരൂഖ് ഖാനെ കൂട്ടുപിടിച്ച് പോലീസ്

ദിസ്പുർ: കൊവിഡ് ബോധവത്കരണത്തിന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെയും അദ്ദേഹത്തിന്റെ പ്രശസ്ത കഥാപാത്രത്തേയും കൂട്ടുപിടിച്ച് ആസാം പോലീസ്. ജനങ്ങൾക്കിടയിൽ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവബോധമുണ്ടാക്കാനാണ് പോലീസ് താരത്തെ കൂട്ടുപിടിച്ചിരിക്കുന്നത്. ഔദ്യോഗിക പേജിലൂടെ പോലീസ് ഷെയർ ചെയ്ത ട്വീറ്റിൽ മാസ്‌കണിഞ്ഞ് കൈകൾ വിടർത്തി ബാസീഗർ സിനിമയിലെ ഡയലോഗ് പറഞ്ഞ് നിൽക്കുന്ന ഷാരൂഖ് ഖാനെയാണ് കാണാനാവുക.

ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് സിനിമയിലെ ഹിറ്റ് ഡയലോഗാണ് ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഷാരൂഖ് ഖാനേയും പോലീസ് ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
ഇരു കൈകളും വിരിച്ച് നിൽക്കുന്ന പോസ്റ്ററിലെ ഷാരൂഖ് മാസ്‌കും അണിഞ്ഞിട്ടുണ്ട്. അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും താരത്തിന്റെ ഡയലോഗിൽ നിന്നും വ്യക്തം. ആറടിയോളം സാമൂഹികാകലം നിർബന്ധമായും പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും ഷാരൂഖ് സ്‌റ്റൈലിൽ പോലീസ് ട്വീറ്റ് ഓർമ്മിപ്പിക്കുകയാണ്.

‘സാമൂഹിക അകലം പാലിക്കുന്നത് നമ്മുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. അരികിലേക്ക് വരാൻ പലപ്പോഴും ദൂരേക്ക് പോകേണ്ടി വരും. അങ്ങനെ അകലേക്ക് പോയ ശേഷം അരികിലേക്ക് മടങ്ങിവരുന്നവരെ ബാസിഗർ (ഇന്ദ്രജാലക്കാർ) എന്നാണ് പറയാറ്’. ഭാഗ്യത്തിന്റെ മുകളിൽ കളിക്കുന്നയാളാണല്ലോ ഒരു മികച്ച ചൂതാട്ടക്കാരൻ. അതുകൊണ്ടു തന്നെ ഭാഗ്യത്തിന്റെ മുകളിലാണ് നമ്മുടെ ജീവൻ’ -ട്വീറ്റ് ഇങ്ങനെ. നേരത്തെ മുംബൈ പോലീസും ഷാരൂഖ് ഖാന്റെ ചിത്രത്തിലെ ഭാഗങ്ങൾ ഉൾപ്പെടുത്തി ബോധവത്കരണം നടത്തിയിരുന്നു.

Exit mobile version