റിപ്പബ്ലിക് ടിവിയിലേയ്ക്കുള്ള ക്ഷണം നിരസിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍; ഇനിയെങ്കിലും നല്ല മനുഷ്യനാകാന്‍ അര്‍ണാബിന് ഉപദേശവും

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവിയിലേയ്ക്കുള്ള ക്ഷണം നിരസിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീര്‍. അര്‍ണാബ് ഗോസ്വാമിയോട് ഇനിയെങ്കിലും നല്ല മനുഷ്യനാകൂ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ക്ഷണം നിരസിച്ചത്.

റിപ്പബ്ലിക് ടിവിയുടെ ഇ-മെയിലും അതിന് നല്‍കിയ മറുപടിയുടെയുമുള്ള ചിത്രവും ആതിഷ് ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പാശ്ചാത്യമാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ റിബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫായ അര്‍ണബ് ഗോസ്വാമി നടത്തുന്ന ചാനല്‍ ചര്‍ച്ചയിലേക്കായിരുന്നു ആതിഷിനെ ക്ഷണിച്ചത്. വ്യാഴാഴ്ച രാവിലെ വന്ന മെയിലിന് ഉടനടി തന്നെ ആതിഷ് മറുപടി നല്‍കുകയായിരുന്നു.

‘നിങ്ങളുടെ ക്ഷണത്തിന് നന്ദി. പക്ഷെ ഞാന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല, പ്രത്യേകിച്ച് ഇത്രയും പരിഹാസ്യമായ ഒരു വിഷയത്തില്‍. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ റിപ്പബ്ലിക് ടിവിയെ വെല്ലാന്‍ ആരുമില്ലെന്ന് നിങ്ങള്‍ക്ക് അറിയുമായിരിക്കുമല്ലോ. അര്‍ണബ് ഗോസ്വാമിയോട് എന്റെ അന്വേഷണം പറയണം. ഒപ്പം അര്‍ണബിനോട് നല്ല മനുഷ്യനാകാന്‍ ശ്രമിക്കണമെന്ന് ഞാന്‍ പറഞ്ഞെന്നും പറയണം.’ ആതിഷ് ട്വീറ്റ് ചെയ്തു.

‘വിരോധാഭാസമൊന്നുമില്ല പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന വിഷയത്തില്‍ റിപ്പബ്ലിക് ടിവി നടത്തുന്ന ചര്‍ച്ച എനിക്ക് മനസ്സിലാക്കാനാകുന്നേ ഇല്ല’ എന്നും അദ്ദേഹം കുറിച്ചു.

Exit mobile version