വിദ്യാര്‍ത്ഥിനികളോട് അശ്ലീല പെരുമാറ്റം; യൂത്ത് ലീഗ് നേതാവായ അധ്യാപകനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

ലൈംഗിക ദുരുദ്ദേശത്തോടെ വിദ്യാര്‍ത്ഥിനികളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതിന് പോക്സോ ഒമ്പത്- 10 വകുപ്പ് പ്രകാരമാണ് കേസ്.

മലപ്പുറം: സംരക്ഷിക്കേണ്ട അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പോക്‌സോ ചുമത്തി കേസെടുത്തു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും മലപ്പുറം ചെമ്മങ്കടവ് പിഎംഎസ്എഎം എച്ച്എസ്എസിലെ ഉറുദു അധ്യാപകനുമായ എന്‍കെ ഹഫ്സല്‍ റഹ്മാനെതിരെയാണ് പോലീസ് കേസെടുത്തത്.

ലൈംഗിക ദുരുദ്ദേശത്തോടെ വിദ്യാര്‍ത്ഥിനികളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതിന് പോക്സോ ഒമ്പത്- 10 വകുപ്പ് പ്രകാരമാണ് കേസ്. ഐപിസി 396 -ാം വകുപ്പും ചേര്‍ത്തിട്ടുണ്ട്. നേരത്തെ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥിനികള്‍ മാനസികവും ശാരീരികവുമായി ഹഫ്സല്‍ പീഡിപ്പിച്ചെന്ന് രേഖാമൂലം പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ ആരോപണം പുറത്തുവന്നെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ ശനിയാഴ്ച കുട്ടികള്‍ ക്ലാസില്‍ കയറാതെ പ്രതിഷേധിക്കുകയും എസ്എഫ്‌ഐ സ്‌കൂളിലേക്ക് മാര്‍ച്ചും നടത്തുകയും ചെയ്തോടെ പ്രിന്‍സിപ്പാല്‍ പരാതികള്‍ പോലീസിന് കൈമാറി. ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറില്‍ വിവരമറിയിച്ചതനുസരിച്ച് അധികൃതര്‍ സ്‌കൂളിലെത്തിയെങ്കിലും അപ്പോഴേക്കും ക്ലാസ് വിട്ടിരുന്നു. അധികൃതര്‍ തിങ്കളാഴ്ച സ്‌കൂളിലെത്തി കുട്ടികളെ കാണും.

ഈ മാസം ആറിന് സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ മറ്റൊരു സ്‌കൂളില്‍നിന്നെത്തിയ വിദ്യാര്‍ത്ഥിനിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഹഫ്സല്‍ ഉപദ്രവിച്ചെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍, കുട്ടി പരാതി നല്‍കിയിരുന്നില്ല.

അധ്യാപകന്‍ മോശമായി പെരുമാറിയത് സ്‌കൂളില്‍ അറിഞ്ഞതോടെ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ അധ്യാപകനെതിരെ രംഗത്തെത്തുകയായിരുന്നു.

Exit mobile version