ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിത് വിദ്യാര്‍ത്ഥികള്‍; സ്‌കൂള്‍ കലാമത്സരത്തിനിടെ അവതരിപ്പിച്ച നാടകം വിവാദത്തില്‍; വീഡിയോ

ബംഗളൂരു: ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്ന രംഗങ്ങള്‍ പുനരാവിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകം വിവാദത്തില്‍. ആര്‍എസ്എസിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ കലാമത്സരത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു നാടകം അവതരിപ്പിച്ചത്. സ്‌കൂളിലെ പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

കര്‍ണാടകയിലെ കല്ലടക്കയിലുള്ള ശ്രീ രാമവിദ്യാകേന്ദ്ര ഹൈസ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ നൂറിലേറെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്ന രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചത്. വെളള ഷര്‍ട്ടും കാക്കി മുണ്ടും ധരിച്ചും വെള്ള ഷര്‍ട്ടും വെള്ള പാന്റും ധരിച്ചുമായിരുന്നു നൂറിലേറെ വിദ്യാര്‍ത്ഥികള്‍ നാടകത്തില്‍ അണിനിരന്നത്.

നാടകം അരങ്ങേറുന്നതിനിടെ സ്റ്റേജില്‍ ബാബറി മസ്ജിദിന്റെ രൂപത്തിലുള്ള ഒരു വലിയ ചിത്രവും പ്രത്യക്ഷപ്പെടുന്നുണ്ട്. നിങ്ങള്‍ക്കാവുന്ന തരത്തില്‍ മസ്ജിദ് തകര്‍ക്കൂവെന്ന് ആ സമയം മൈക്കിലൂടെ ഉച്ചത്തില്‍ ഒരാള്‍ വിളിച്ചുപറയുന്നു. ഇത് കേട്ട് വിദ്യാര്‍ത്ഥികള്‍ ഉത്സാഹത്തോടെ ആഹ്ലാത്തോടെ ബാബറി മസ്ജിദ് തകര്‍ക്കുകയാണ്.

ശേഷം പ്രതീകാത്മകമായി ബാബറി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്യുന്നതോടെ നാടകം അവസാനിക്കുകയാണ്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി, കര്‍ണാടകത്തിലെ നിരവധി പ്രമുഖരും നാടകത്തിന് സാക്ഷികളായി. നാടകത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്.

Exit mobile version