രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; പ്രതികള്‍ക്ക് ഷാര്‍ജയില്‍ വധശിക്ഷ

ഷാര്‍ജയില്‍ മൈസലൂണില്‍ 2018 ഏപ്രിലിലാണ് സംഭവം

ഷാര്‍ജ: ആദ്യ ഭാര്യയെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ഷാര്‍ജ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഷാര്‍ജയില്‍ മൈസലൂണില്‍ 2018 ഏപ്രിലിലാണ് സംഭവം. രണ്ടാം ഭാര്യയുടെ സഹായത്തോടെയാണ് ഇന്ത്യന്‍ യുവതിയായ ആദ്യ ഭാര്യയെ വീട്ടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തി കുഴിച്ച് മൂടിയത്. ഇരുവര്‍ക്കും ഷാര്‍ജ ക്രിമിനല്‍ കോടതി വധശിക്ഷക്കാണ് വിധിച്ചത്.

കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ ദയാധനം (ബ്ലഡ് മണി) സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതികളായ ഇരുവര്‍ക്കും വധശിക്ഷയ്ക്ക് വിധിച്ചത്. 36കാരിയായ ഇന്ത്യന്‍ യുവതിയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ടതിന് ശേഷം വീട് വാടകയ്ക്ക് എന്ന് ബോര്‍ഡ് തൂക്കിയിരുന്നു. അതേസമയം വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ ആഴമില്ലത്ത കുഴിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയശേഷം വീട് വാടകയ്ക്ക് എന്ന് ബോര്‍ഡ് തൂക്കി യുവാവ് കുട്ടികളുമായി നാട്ടിലേക്ക് നാട്ടിലേക്ക് കടന്നതായി കണ്ടെത്തിയത്.

ഏറേ നാളുകളായി സഹോദരിയുടെ ഒരു വിവരമില്ലാത്തതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കൊല്ലപ്പെട്ട യുവതിയും രണ്ടുമക്കളും പ്രതിയായ യുവതിയുമാണ് മൈസലൂണില്‍ ഒരു വില്ലയില്‍ താമസിച്ചിരുന്നത്.

Exit mobile version