‘ക്യാമറയെ മറയ്ക്കാതെ മാറി നിന്ന് വിവരിച്ചാൽ മതി’; ഉദ്യോഗസ്ഥനെ തള്ളിനീക്കി ക്യാമറയ്ക്ക് മുന്നിൽ സ്ഥലം പിടിച്ച് മോഡി; വീണ്ടും പ്രഹസനം

അഹമ്മദാബാദ്: പ്രണയം കാവിയോട് മാത്രമല്ല, ക്യാമറയോടുമെന്ന് തിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ ക്യാമറാ ഭ്രമം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. വിദേശ സന്ദർശന വേളയിലും സുപ്രധാന യോഗങ്ങളിലുമടക്കം കൃത്യമായി ക്യാമറയിലേക്ക് നോക്കി ഒട്ടനവധി തവണ പരിഹാസ്യനായ മോഡി ഇത്തവണ ജന്മദിനത്തിൽ ഗുജറാത്ത് സന്ദർശിച്ചാണ് സോഷ്യൽമീഡിയയ്ക്ക് ചിരിക്കാനുള്ള വക നൽകിയിരിക്കുന്നത്.

ഗുജറാത്തിലെ നർമദ ജില്ലയിലെ കാൽവനി എക്കോ ടൂറിസം മേഖലയിൽ ജന്മദിനത്തിൽ സന്ദർശനം നടത്തിയ മോഡിയുടെ വീഡിയോയിൽ ക്യാമറയും ക്യാമറാമാനേയും മറച്ച് നിലകൊണ്ട ഉദ്യോഗസ്ഥനെ മാറ്റി നിർത്തുന്നത് കൃത്യമായി കാണാനാവുന്നതാണ്. തികച്ചും സ്വാഭാവികമായ വീഡിയോ എന്ന് തോന്നാമെങ്കിലും രണ്ടാമതൊരു തവണ കൂടി കണ്ടാൽ മോഡിയുടെ ക്യാമറാ ഭ്രമം മനസിലാക്കാവുന്നതാണ്.

എക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്ത് സ്ഥാപിച്ച ആർട് വർക്കുകൾ പ്രധാനമന്ത്രിക്ക് ഒരു ഉദ്യോഗസ്ഥൻ വിശദീകരിച്ചുകൊടുക്കുന്നു. ഈ സമയത്ത് ക്യാമറ മറഞ്ഞാണ് അദ്ദേഹം നിൽക്കുന്നത്. മോഡിയെ കൃത്യമായി വീഡിയോയിൽ കാണാൻ സാധിക്കുന്നില്ല, അഥവാ ക്യാമറാമാനെ മോഡിക്ക് കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുന്നില്ല. ഇതോടെ, ആർട് വർക്കുകൾ അദ്ദേഹം വിശദീകരിക്കുന്നത് ശ്രദ്ധിക്കുന്നതിന് പകരം മോഡി അദ്ദേഹത്തോട് എന്തോ പറയുകയും ഇത് കേട്ടയുടനെ അദ്ദേഹം മറുവശത്തേക്ക് പെട്ടെന്ന് തന്നെ മാറിനിൽക്കുകയുമാണ്. ഫ്രെയിമിൽ നിന്ന് മാറി നിൽക്കാൻ മോഡി ആവശ്യപ്പെടുകയായിരുന്നെന്ന് വീഡിയോ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ മോദിക്കൊപ്പം പാലത്തിന് മുകളിലേക്ക് എല്ലാവരും കയറാൻ ഒരുങ്ങുമ്പോൾ കർട്ടന് പിറകിൽ നിന്ന് ആരോ നിർദേശിച്ചിട്ടെന്ന പോലെ പെട്ടെന്ന് എല്ലാവരും നിൽക്കുന്നുണ്ട്. അതിന് ശേഷം മുന്നിൽ നടക്കുന്ന മോഡിയെയാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. അതിന് ശേഷം പാലത്തിന് മുകളിലൂടെ പെട്ടെന്ന് നടന്നുനീങ്ങാതെ നടുവിൽ നിന്ന് കയാക്കിങ് കാണുകയാണ് മോഡി. ഈ സമയവും അദ്ദേഹം ക്യാമറ ശ്രദ്ധിക്കുന്നുണ്ട്.

നേരത്തെ ഫേസ്ബുക്ക് ആസ്ഥാനത്ത് മാർക് സുക്കർബർഗുമായുള്ള കൂടിക്കാഴ്ചക്കിടെ ക്യാമറ മറഞ്ഞുനിന്ന് സംസാരിച്ച അദ്ദേഹത്തെ തള്ളിമാറ്റുന്ന മോഡിയുടെ വീഡിയോ വൈറലായിരുന്നു.

Exit mobile version