ഡിസ്‌കോ സംഗീതത്തെ ജനപ്രിയമാക്കിയ ഗായകന്‍ ബപ്പി ലാഹിരി അന്തരിച്ചു

മുംബൈ : പ്രശസ്ത ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരി(69) അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലാഹിരി. തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നുവെങ്കിലും ചൊവ്വാഴ്ച ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി ഡയറക്ടര്‍ ദീപക് നംജോഷി പറഞ്ഞു.

എണ്‍പതുകളിലും തൊണ്ണൂറുകളിലും ബോളിവുഡ് സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ബപ്പി ലാഹിരി. അലോകേഷ് ലാഹിരി എന്നാണ് ബപ്പിയുടെ യഥാര്‍ഥ പേര്. ഡിസ്‌കോ ഗാനങ്ങളെ ഇന്ത്യയില്‍ ജനപ്രിയമാക്കിയതില്‍ ലാഹിരിയുടെ പങ്ക് വളരെ വലുതാണ്. ചല്‍തേ ചല്‍തേ, ഡിസ്‌കോ ഡാന്‍സര്‍, ശരാബി തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ ഇദ്ദേഹത്തിന്റെ സംഭാവനയായുണ്ട്.

മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബാംസുരിയും ബംഗാളിലെ പ്രശസ്ത സംഗീതജ്ഞരായിരുന്നു. ഇവരുടെ ഒരേയൊരു മകനാണ് ബപ്പി. മൂന്നാം വയസ് മുതല്‍ ബപ്പി തബല വായിച്ചു തുടങ്ങി. മാതാപിതാക്കളാണ് സംഗീതരംഗത്തെ ഗുരുനാഥന്‍മാര്‍. പ്രശസ്ത ഗായകന്‍ കിഷോര്‍ കുമാര്‍ ബപ്പിയുടെ ബന്ധുവാണ്.

വലിയ സ്വര്‍ണ ചെയിനും സണ്‍ ഗ്ലാസുമായിരുന്നു വേദികളില്‍ ബപ്പിയുടെ സ്ഥിര വേഷം. ബോളിവുഡ് കൂടാതെ ബോക്‌സോഫീസ് കീഴടക്കിയ പല ബംഗാളി ചിത്രങ്ങളിലും ബപ്പിയുടെ കയ്യൊപ്പുണ്ട്. 2020ലിറങ്ങിയ ബാഗി 3 ആണ് അവസാന ചിത്രം.

Exit mobile version