അച്ഛന് വേണ്ടി ഒരു മകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥ : അറിയാം ഫാദേഴ്‌സ് ഡേയുടെ ചരിത്രം

ഇന്ന് ജൂണ്‍ 19 ഫാദേഴ്‌സ് ഡേ. ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ് ലോകത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും ഫാദേഴ്‌സ് ഡേ ആയി അചരിക്കുന്നത്. ലോകമെമ്പാടുമുള്ള അച്ഛന്മാര്‍ക്ക് വേണ്ടിയുള്ള ഈ ദിവസം ഉണ്ടായതിന് പിന്നില്‍ ഒരു മകളുടെ പോരാട്ടമാണെന്ന് അറിയുമോ ? ഇല്ലെങ്കില്‍ സൊനോര സ്മാര്‍ട്ട് ഡോഡ് എന്ന ആ പെണ്‍കുട്ടിയുടെ കഥയിതാ..

1882ല്‍ വാഷിംഗ്ടണിലെ ഒരു ഉള്‍ ഗ്രാമത്തിലാണ് എലിസബത്ത്-വില്യം ദമ്പതികളുടെ മൂത്ത പുത്രിയായി സൊനോറ ജനിക്കുന്നത്. തന്റെ പതിനാറാമത്തെ വയസ്സില്‍ സൊനോറയ്ക്ക് അമ്മ എലിസബത്ത് വിക്ടോറിയയെ നഷ്ടപ്പെട്ടു. 47ാമത്തെ വയസ്സില്‍ തന്റെ ആറാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെയാണ് എലിസബത്ത് മരണപ്പെടുന്നത്. പിന്നീടങ്ങോട്ട് സൊനോറയ്ക്കും അഞ്ച് അനുജന്മാര്‍ക്കും അച്ഛന്‍ വില്യം ജാക്ക്‌സണ്‍ ആയിരുന്നു അച്ഛനുമമ്മയും എല്ലാം. കുടംബത്തില്‍ അച്ഛന്മാര്‍ക്ക് വലിയ പ്രാധാന്യമൊന്നുമില്ലാതിരുന്ന കാലഘട്ടമായിരുന്നതിനാല്‍ അമ്മയില്ലാത്ത കുഞ്ഞുങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് വളര്‍ത്താനയയ്ക്കുകയായിരുന്നു അന്നത്തെ കാലത്തെ പതിവ്. പക്ഷേ ഇതിന് വിപരീതമായി തന്റെ മക്കളെ താന്‍ തന്നെ വളര്‍ത്തും എന്ന് വില്യം ദൃഢനിശ്ചയമെടുത്തു. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ തന്റെ ആറ് മക്കളെയും വില്യം പൊന്ന് പോലെ നോക്കി. 1905ല്‍ വിവാഹം കഴിയുന്നത് വരെയും അച്ഛനൊപ്പമാണ് സൊനോറ ജീവിച്ചത്.

അങ്ങനെയിരിക്കേ മാതൃദിനത്തിന് സ്വീകാര്യത ഏറി വന്നിരുന്ന 1910ല്‍ ഒരു മാതൃദിനാഘോഷത്തില്‍ സൊനോറ പങ്കെടുക്കാനിടയായി. മാതൃദിന സങ്കീര്‍ത്തനം കേള്‍ക്കുമ്പോളാണ് പിതൃദിനത്തെക്കുറിച്ചുള്ള ആശയം സൊനോറയുടെ മനസ്സില്‍ ഉദിക്കുന്നത്. തന്നെയും സഹോദരങ്ങളെയും വളര്‍ത്താന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച അച്ഛനെ ആദരിക്കാന്‍ ഒരു ദിവസം എന്ന ഉണ്ടാവണം എന്ന ആഗ്രഹം സൊനോറയുടെ ഉള്ളില്‍ ശക്തമായി. അങ്ങനെ ആഗ്രഹവുമായി സൊനോറ അധികൃതരെ സമീപിച്ചു. ഇവര്‍ താമസിച്ചിരുന്ന സ്‌പൊകേന്‍ എന്ന സ്ഥലത്തെ മിനിസ്റ്ററിനോടാണ് സൊനോറ അദ്യം ആശയം പങ്കു വയ്ക്കുന്നത്. ഇതിന് അനുമതി ലഭിച്ചതോടെ പിതൃദിനം പിറന്നു. ‘മദര്‍ ഓഫ് ഫാദേഴ്‌സ് ഡേ’ എന്ന വിശേഷണവും അങ്ങനെ സൊനോറയ്ക്ക് സ്വന്തമായി.

തന്റെ പിതാവിന്റെ ജന്മദിനമായ ജൂണ്‍ 5 ആണ് സൊനോറ പിതൃദിനത്തിനായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ അനുമതി ലഭിച്ചതാകട്ടെ ജൂണിലെ മൂന്നാം ഞായറാഴ്ചയ്ക്കും. എന്നിരുന്നാലും കുതിരവണ്ടിയിലൂടെ നാട് നീളെ സഞ്ചരിച്ച്‌ ഓരോ പിതാക്കന്മാര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്താണ് സൊനോറ ആദ്യ പിതൃദിനം ആഘോഷിച്ചത്. മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തതോടെ ലോകമൊന്നാകെ പിതൃദിനം ആഘോഷിക്കാന്‍ തുടങ്ങി. താനേറെ സ്‌നേഹിച്ച അച്ഛന് വേണ്ടി സൊനോറയ്ക്ക് നല്‍കാന്‍ കഴിഞ്ഞ ഏറ്റവും വലിയ സമ്മാനമായാണ് പിതൃദിനം ഇന്നും കണക്കാക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള അച്ഛന്മാരുടെ നന്മ ആഘോഷിക്കുന്ന ഈ ദിവസം സൊനോറയെയും അച്ഛനെയും പ്രകീര്‍ത്തിക്കാതെ കടന്നു പോകില്ലെന്നുറപ്പ്.

Exit mobile version