അന്ന് ഒരു രാവ് ഇരുട്ടി വെളുത്തപ്പോള്‍ അപ്രത്യക്ഷമായ ആ ദ്വീപ്!

ഒരു രാവും പകലും കൊണ്ട് അപ്രത്യക്ഷമായ ദ്വീപ്! ഇതാണ് അറ്റ്‌ലാന്റിസ്.

ഒരു രാവും പകലും കൊണ്ട് അപ്രത്യക്ഷമായ ദ്വീപ്! ഇതാണ് അറ്റ്‌ലാന്റിസ്. ലോകത്ത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ മനുഷ്യരെ അത്ഭുതപ്പെടുത്തിയ ദ്വീപാണ് ഇത്. ഒറ്റദിവസം കൊണ്ട് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഈ ദ്വീപ് മുങ്ങിപ്പോയതായാണ് വിശ്വസിച്ചുപോരുന്നത്. എന്നാല്‍ ഇതൊരു സാങ്കല്‍പിക ദ്വീപ് മാത്രമാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. പ്രകൃതിരമണീയമായിരുന്നു അറ്റ്‌ലാന്റിസെന്നും ഹെര്‍കുലീസ് സ്തംഭങ്ങള്‍ക്ക് (ജിബ്രാള്‍ട്ടര്‍ കടലിടുക്കിന്) പടിഞ്ഞാറായിരുന്നു ഇതിന്റെ സ്ഥാനമെന്നും പറയുന്നു.

അറ്റ്‌ലാന്റിസിലെ ജനങ്ങള്‍ ബിസി 9400ല്‍ യൂറോപ്പിന്റെ മേല്‍ ആക്രമണം നടത്തിയതായും ഏഥന്‍സുകാര്‍ ഈ ആക്രമണകാരികളെ തുരത്തിയതായും പ്ലേറ്റോ പറയുന്നുണ്ട്. ആഫ്രിക്കയുടെ ഏതാനും ഭാഗങ്ങള്‍ ആക്രമിച്ച് ലിബിയ ഏറെക്കുറെ ഇവര്‍ കീഴടക്കിയിരുന്നതായും പറയുന്നു. പില്‍ക്കാലത്തു ദൈവകോപത്തിനിരയായി. ഒരു രാവും പകലുംകൊണ്ട് അറ്റ്‌ലാന്റിസ് പ്രദേശം സമുദ്രത്തില്‍ ആണ്ടുപോയെന്നാണ് ഐതിഹ്യം. പൂര്‍ണതയിലെത്തിയ ഒരു മാതൃകാലോകം ആയാണ് അറ്റ്‌ലാന്റിസിനെ പ്ലേറ്റോ കണക്കാക്കുന്നത്. കൃത്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ പ്ലേറ്റോയുടെ സങ്കല്‍പ്പമായേക്കാം ഈ ദ്വീപെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നു.

അറബി ഭൂമിശാസ്ത്രജ്ഞരില്‍ നിന്നു കിട്ടിയ വിവരങ്ങളെ ആധാരമാക്കി മധ്യകാല എഴുത്തുകാര്‍ വിശ്വസിക്കുന്നത് അറ്റ്‌ലാന്റിസ് എന്ന ഭൂഭാഗം ഒരു കാലത്തുണ്ടായിരുന്നു എന്നുതന്നെയാണ്. ഒരുപക്ഷേ, പശ്ചിമ- അറ്റ്‌ലാന്റിക് സമുദ്രത്തിലെ കടല്‍പ്പായലോ ഫിനിഷ്യക്കാര്‍ സന്ദര്‍ശിച്ചിരിക്കാനിടയുള്ള ദ്വീപസമൂഹമോ ആയിരിക്കാം ഈ വിശ്വാസത്തിനടിസ്ഥാനമെന്നും പറയുന്നു. ഏതായാലും പുതിയ കാലഘട്ടത്തിന് പോലും ഉത്തരം കിട്ടാത്ത വലിയ ചോദ്യമായാണ് അറ്റ്‌ലാന്റിസ് ഇന്നുമുള്ളത്.

Exit mobile version