കൈപ്പത്തി ചിഹ്നം കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയതിന് പിന്നിലുള്ള കഥ ഇങ്ങനെ

പാര്‍ട്ടികളുടെ മുഖമുദ്രയായ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പാര്‍ട്ടിയുടെ ഭാഗമായി മാറിയതിനു പിന്നില്‍ ചില കൗതുകകരമായ കഥകള്‍ ഉണ്ടാകും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിനുമുണ്ട് അത്തരത്തില്‍ ചില കഥകള്‍. ഇതിലൊന്ന് പാലക്കാടുള്ള കല്ലേക്കുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്.

പാലക്കാട് അകത്തേത്തറയിലുള്ള കല്ലേക്കുളങ്ങര ഏമൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ നിന്നുമാണ് കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നം കണ്ടെത്തിയത് എന്നാണ് പ്രചരിക്കുന്ന കഥ. ചേര്‍ന്നിരിക്കുന്ന രണ്ട് കൈപ്പത്തികളാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇതിലെ ഒരു കൈപ്പത്തിയാണ് കോണ്‍ഗ്രസ് ചിഹ്നമായി സ്വീകരിച്ചത് എന്നാണ് കഥ.

1978 വരെ പല ചിഹ്നങ്ങളിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചുകൊണ്ടിരുന്നത്. ഒന്നു മുതല്‍ നാലാം ലോകസഭാ തെരെഞ്ഞെടുപ്പു വരെ ‘നുകംവെച്ച കാളകള്‍’ ആയിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് ചിഹ്നം.

ഇതിനിടെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് 1969ല്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു. ഇന്ദിരാഗാന്ധിയെ പിന്‍തുണയ്ക്കുന്ന വിഭാഗം കോണ്‍ഗ്രസ് (ആര്‍) എന്നും. മറു വിഭാഗം സംഘടനാ കോണ്‍ഗ്രസ് എന്നും അറിയപ്പെട്ടു. ഇരു വിഭാഗവും കാളയ്ക്കായി വാദിച്ചതോടെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ചിഹ്നം മരവിപ്പിച്ചു.

തുടര്‍ന്ന് ഇന്ദിരാ വിഭാഗത്തിന് പശുവും കിടാവും എന്ന ചിഹനവും സംഘടനാ കോണ്‍ഗ്രസിന് ചര്‍ക്ക തിരിക്കുന്ന സ്ത്രീ എന്ന ചിഹ്നവും നല്‍കി. 1977ല്‍ ‘പശുവും കിടാവും’ ചിഹ്നത്തില്‍ മത്സരിച്ച ഇന്ദിരാ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.

ഇതോടെ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. ഇരു വിഭാഗവും പശുവും കിടാവും ചിഹ്നത്തിനായി വീണ്ടും വാദിച്ചു. തുടര്‍ന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അതും മരവിപ്പിച്ചു. പിന്നീട്
കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ച മൂന്നു ചിഹ്നങ്ങളിലൊന്നായിരുന്നു കൈപ്പത്തി.

കൈപ്പത്തിയെ കൂടാതെ സൈക്കിള്‍, ആന എന്നിവയായിരുന്നു മറ്റുരണ്ടെണ്ണം. ഇതില്‍ ഇന്ദിര തെരഞ്ഞെടുത്തത് കൈപ്പത്തിയായിരുന്നു. പാലക്കാട് കല്ലേക്കുളങ്ങര ഏമൂര്‍ ക്ഷേത്രമാണ് ഇതിനു കാരണം എന്നാണ് ഒരു കഥ.

മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവ് പി ചിദംബരത്തിന്റെ ഭാര്യാമാതാവും കവയിത്രിയുമായ സൗന്ദരാകൈലാസം പാലക്കാട്ടെ കൈപ്പത്തി ക്ഷേത്രത്തെപ്പറ്റി ഇന്ദിരയോട് പറഞ്ഞിരുന്നെന്നും ഇതാണ് കൈപ്പത്തി തെരഞ്ഞെടുക്കാന്‍ കാരണമെന്നുമാണ് ഒരു കഥ. പിന്നീട് മുഖ്യമന്ത്രി കരുണാകരന്റെ നിര്‍ദേശ പ്രകാരം കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്ദിരാഗാന്ധി ദര്‍ശനം നടത്തിയത് ഈ വാദത്തെ സാധൂകരിക്കുന്നു.

അതേസമയം മറ്റൊരു കഥ ഇങ്ങനെയാണ്. തെരഞ്ഞെടുപ്പു കമ്മീഷന്‍ കോണ്‍ഗ്രസിന് ചിഹ്നം തെരഞ്ഞെടുക്കാനായി അനുവദിച്ച സമയത്ത് ഇന്ദിരാഗാന്ധി ആന്ധ്രാ പ്രദേശിലായിരുന്നു. മുതിര്‍ന്ന നേതാക്കളായിരുന്ന ഭൂട്ടാസിംഗും പിവി നരസിംഹ റാവുവും ചേര്‍ന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസിലെത്തി കൈപ്പത്തി കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നമായി തെരഞ്ഞെടുത്തത്. ഫോണിലൂടെ ഇന്ദിരാഗാന്ധിയുടെ ഉപദേശം തേടിയതിനു ശേഷമായിരുന്നു നടപടി.

കഥയെന്തായാലും പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ 1977ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. പിന്നീട് അങ്ങോട്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ഭാഗ്യചിഹ്നമായി കൈപ്പത്തി തുടരുക ആയിരുന്നു.

Exit mobile version