സാഹിത്യത്തിനുള്ള നോബേല്‍ ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍ റസാഖ് ഗുര്‍നയ്ക്ക്

സ്‌റ്റോക്‌ഹോം : സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍ റസാഖ് ഗുര്‍ന നേടി. പത്തോളം ഇംഗ്ലീഷ് നോവലുകളും നിരവധി ചെറുകഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ബ്രിട്ടനിലെ കെന്റ് സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം സാന്‍സിബാര്‍ വംശജനാണ്.

കൊളോണിയലിസവും അതിന്റെ അനന്തരഫലങ്ങളും വിവിധ സംസ്‌കാരങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും ഇടയിലകപ്പെട്ട അഭയാര്‍ഥികളുടെ അറിയാക്കഥകളും പ്രമേയമാക്കിയ ഇദ്ദേഹത്തിന്റെ കഥകള്‍ക്കാണ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബേലെന്ന് പുരസ്‌കാരസമിതി പരാമര്‍ശിച്ചു. കിഴക്കന്‍ ആഫ്രിക്കയുടെ ഉള്ളറകളിലേക്ക് പുറംലോകത്തെ കൈപിടിച്ചു കൊണ്ടുപോകുന്നതില്‍ ഗുര്‍നയ്ക്ക് ഒരിക്കലും പിഴച്ചിട്ടില്ലെന്നാണ് ജൂറിയംഗം ആന്‍ഡേഴ്‌സ് ഓള്‍സണ്‍ അദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിച്ചത്.

1986ല്‍ വോള്‍ സോയങ്കയ്ക്ക് ശേഷം നോബേല്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ വംശജനാണ് ഗുര്‍ന. പാരഡൈസ്(1994), ഡെസര്‍ഷന്‍(2005), ആഫ്റ്റര്‍ലൈഫ്‌സ്(2020), മെമ്മറി ഓഫ് ഡിപ്പാര്‍ച്ചര്‍, പില്‍ഗ്രിംസ് വേ എന്നിവയാണ് ശ്രദ്ധേയമായ കൃതികള്‍.

Exit mobile version