കൊറോണ വൈറസിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് വുഹാന്‍ ലാബിന് നോബേല്‍ നല്‍കണമെന്ന് ചൈന : സീരിയസാണോ എന്ന് ട്വിറ്റര്‍

Covid19 | Bignewslive

വാഷിംഗ്ടണ്‍ : കോറോണ വൈറസിനെപ്പറ്റി നടത്തിയ പഠനങ്ങള്‍ക്ക് വുഹാന്‍ ലാബിനെ നോബേല്‍ സമ്മാനത്തിന് പരിഗണിക്കണമെന്ന് ചൈന. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ് ചാവോ ലിജിയാങ് ആണ് ഇക്കാര്യം അവതരിപ്പിച്ചത്.

കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിന്റെ ജീനോം കണ്ടെത്തിയതിന് ചൈനീസ് അക്കാഡമി ഓഫ് സയന്‍സസ് 2021ലെ ഔട്ട്സ്റ്റാന്‍ഡിംഗ് സയന്‍സ് ആന്‍ഡ് ടെക്ക്‌നോളജി അച്ചീവ്‌മെന്റ് അവാര്‍ഡ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു ചാവോയുടെ പരാമര്‍ശം.കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ്-കോവ്-2 വൈറസിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംഭാവന ചെറുതല്ലെന്നും ഇത് കണക്കിലെടുത്ത് മെഡിസിന്‍ വിഭാഗത്തില്‍ ലാബിനെ നോബേലിന് പരിഗണിക്കണമെന്നായിരുന്നു ചാവോ പറഞ്ഞത്.

പ്രസ്താവന നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഇത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി എന്ന മട്ടിലായിരുന്നു പലരുടെയും പ്രതികരണം.വുഹാന്‍ലാബിന് നോബേല്‍ നല്‍കുകയാണെങ്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് സമാധാനത്തിനുള്ള നോബേല്‍ നല്‍കണമെന്നായിരുന്നു ഒരു ട്വീറ്റ്. ചെയ്തതൊന്നും ഒരിക്കലും മറക്കില്ലെന്നാണ് മറ്റൊരാള്‍ കുറിച്ചത്.

2019ല്‍ ആദ്യമായി ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ വൈറസിനൊപ്പം ചേര്‍ത്തുവായിക്കുന്ന പേരാണ് വുഹാന്‍ ലാബിന്റേത്. വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്നും അതല്ല ചൈനീസ് ഗവേഷകര്‍ ലാബില്‍ വികസിപ്പിച്ചെടുത്തതാണെന്നും ഒക്കെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കേയാണ് ചൈനയുടെ പുതിയ പ്രസ്താവന. അന്താരാഷ്ട്ര മാധ്യമങ്ങള്‍ കൂടാതെ ചൈനയില്‍ നിന്നുള്ള വൈറോളജിസ്റ്റുകളടക്കം വൈറസിന്റെ ഉദ്ഭവവുമായി വുഹാന്‍ ലാബിനുള്ള ബന്ധത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു.

പ്രശസ്ത ചൈനീസ് വൈറോളജിസ്റ്റ് ലീ-മെങ് യാന്‍ ആണ് കൊറോണ വൈറസ് വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന വാദവുമായി ആദ്യമെത്തിയത്. വൈറസ് ലാബില്‍ വികസിപ്പിച്ചതാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴും നോബേല്‍ പ്രൈസിന് ലാബിനെ പരിഗണിക്കണമെന്ന് അവര്‍ക്ക് ആവശ്യപ്പെടാനാകുന്നതെങ്ങനെ എന്ന് മനസ്സിലാവുന്നില്ലെന്ന് ലീ പ്രതികരിച്ചു. ചൈനയുടെ ഉദ്ദേശം എന്താണെന്ന് ഇതിനോടകം തന്നെ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“നോബേലിന് പരിഗണിക്കണമെന്നത് കൊണ്ട് അവര്‍ എന്താണുദ്ദേശിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അത് സ്വേച്ഛാധിപത്യവും മനുഷ്യത്വ രഹിതവുമായ ചിന്തകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്നതിന് തെളിവുകളില്ലായിരിക്കാം. പക്ഷേ മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ആയുധമായി ചൈന വൈറസിനെ ഉപയോഗിക്കുകയായിരുന്നു എന്നതിന് തെളിവുകള്‍ ആവശ്യമില്ല.” അവര്‍ പറഞ്ഞു.

Exit mobile version