സാബുദാന കിച്ചടി! നവരാത്രി വ്രതമെടുക്കുന്നവര്‍ക്കായി ഒരു ഈസി റെസിപ്പി

വ്രതം എടുക്കുന്നവര്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാം ഈ സാബുദാന കിച്ചടി.

ഇനി വരുന്ന ആഘോഷവേളകളില്‍ വ്രതം എടുക്കുന്നവര്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാം ഈ സാബുദാന കിച്ചടി. ഈ വരുന്ന നവരാത്രി വ്രതമെടുക്കുന്നവര്‍ക്ക് രുചികരമായും പോഷക സ്പുഷ്ടമായും കഴിക്കാനാകുന്ന വിഭവമാണിത്. ചൗവ്വരിയും,നിലക്കടലയുമാണ് ഇതിലെ പ്രധാന ചേരുവകള്‍.

ചേരുവകള്‍ :

ചൗവ്വരി – 1 1/2 കപ്പ്
കല്ലുപ്പ് – 1 ടീ സ്പൂണ്‍
പഞ്ചസാര – 1/2 ടീ സ്പൂണ്‍
തരു തരുപ്പായി വറത്തു പൊടിച്ച നിലക്കടല – 1/2 കപ്പ്
നെയ്യ് – 11/2 ടേബിള്‍ സ്പൂണ്‍
ജീരകം – 1 ടീ സ്പൂണ്‍
ഇഞ്ചി – 1/4 ടീ സ്പൂണ്‍
പച്ചമുളക് – ചെറുതായി അരിഞ്ഞത് -4-5 എണ്ണം
നിലക്കടല – 1/4 കപ്പ്
ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കിയത് – 1 എണ്ണം
നാളികേരം – 1/2 കപ്പ്
നാരങ്ങ നീര് – 1/2 നാരങ്ങ


പാചകരീതി:
ചൗവ്വരി നന്നായി കഴുകി 7-8 മണിക്കൂര്‍ കുതിര്‍ത്തു വെക്കുക . നന്നായി വെള്ളം കളഞ്ഞശേഷം കല്ലുപ്പ്, പഞ്ചസാര, കടലപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി വെക്കുക. ഒരു പാനില്‍ 1 ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി ജീരകം, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇഞ്ചിയുടെ പച്ച മണം മാറുമ്പോള്‍ പച്ചമുളക് ചേര്‍ക്കുക. 2 മിനിറ്റ് വഴറ്റിയ ശേഷം നിലക്കടല, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ക്കുക. ഉരുളക്കിഴങ്ങ് നന്നായി വേവുന്നത് വരെ ഇളക്കുക. ഇതിലേക്ക് മിക്‌സ് ചെയ്തു വെച്ചിരിക്കുന്ന ചൗവ്വരിയും 1/2 ടേബിള്‍ സ്പൂണ്‍ നെയ്യും ചേര്‍ത്ത് തുടരെ ഇളക്കി കൊടുക്കുക. ചൗവ്വരി മണികള്‍ നേര്‍ത്തുവരുന്നതുവരെ ചെറു തീയില്‍ വേവിച്ചെടുക്കുക. വെന്തു കഴിഞ്ഞാല്‍ തേങ്ങയും നാരങ്ങ നീരും ചേര്‍ത്ത് ചൂടോടെ വിളമ്പാം.

Exit mobile version