സൗമ്യയെ തീക്കൊളുത്തി കൊന്ന സംഭവം: പ്രതി അജാസ് മരണത്തിന് കീഴടങ്ങി

ആലപ്പുഴ: പോലീസ് ഓഫീസറായിരുന്ന സൗമ്യയെ തീക്കൊളുത്തി കൊന്ന സംഭവത്തിലെ പ്രതി അജാസ് മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അജാസ് അല്‍പസമയം മുന്‍പാണ് മരിച്ചത്.

സൗമ്യയെ കൊലപ്പെടുത്തുനതിനിടെ അജാസിന് 60 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അജാസിന്റെ കിഡ്നിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരുന്നു. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് അജാസില്‍ നിന്ന് മൊഴി എടുത്തിരുന്നെങ്കിലും ആരോഗ്യനില മോശമായതിനാല്‍ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനായില്ല.

അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മര്‍ദ്ദം ഗണ്യമായി കുറഞ്ഞതിനാല്‍ ഡയാലിസിസ് നടത്താനായിട്ടില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ മരുന്ന് കുത്തിവെച്ചെങ്കിലും അതിനോട് പ്രതികരിച്ചിരുന്നുമില്ല.

സൗമ്യയെ തീവച്ചു കൊലപ്പെടുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് അജാസ് മൊഴി നല്‍കിയിരുന്നു. സൗമ്യയെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശ്യം. മജിസ്ട്രേട്ടിനു നല്‍കിയ മൊഴിയിലാണ് പ്രതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ അജാസിന്റെ നില കഴിഞ്ഞ 2 ദിവസമായി ഗുരുതരമായിരുന്നു.

അജാസ് നല്‍കിയ മൊഴിയില്‍ നിന്ന്:

”സൗമ്യയുമായി അഞ്ചുവര്‍ഷത്തില്‍ അധികമായി അടുപ്പമുണ്ട്. മനസില്‍ പ്രണയമായിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹം അറിയിച്ചെങ്കിലും സമ്മതം നല്‍കിയില്ല. അടുത്തിടെ ആയി അവഗണ കൂടി. സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്തു പൂര്‍ണമായും തന്നെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയതോടെ ദേഷ്യമായി. ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഒന്നിച്ചു മരിക്കണം എന്ന് ഉറപ്പിച്ചു. അങ്ങനെ ആണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊച്ചിയില്‍ നിന്ന് ആയുധങ്ങളും പെട്രോളും കാറില്‍ കരുതി. വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയും കുത്തുകയും ചെയ്തു. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. അങ്ങിനെയാണ് തനിക്ക് പൊള്ളല്‍ ഏറ്റത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് പറഞ്ഞിരുന്നു”.

Exit mobile version