മലപ്പുറത്ത് സ്‌കൂളില്‍ റാഗിങ്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം

മലപ്പുറം: പാണക്കാട് സ്‌കൂളിലെ റാഗിങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. പാണക്കാട് ഡിയുഎച്ച്എസ്എസിലെ പ്ലസ് വണ്‍ കോമേഴ്സ് വിദ്യാര്‍ത്ഥിയെ +2 വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കോട്ടപ്പടി പള്ളിക്കര വളപ്പില്‍ ഷാജിയുടെ മകന്‍ മുഹമ്മദ് അനസിനോട് റാഗിങ്ങിനിടെ താടി വടിക്കണമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. നല്‍കിയ സമയപരിധിക്ക് ശേഷവും അനസ് താടി വടിക്കാതെ ക്ലാസ്സില്‍ എത്തിയത്തോടെ ക്ലാസ് വിട്ട് വരുന്ന സമയത്ത് മര്‍ദ്ദിച്ചു എന്നാണ് പരാതി. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിനും കണ്ണിനും സാരമായ പരിക്കുണ്ട്. മര്‍ദ്ദിച്ച സംഘം നിരന്തരമായി അനസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് ഷാജി പറഞ്ഞു.

കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ പരിക്ക് ഗുരുതരമായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പിതാവ് മലപ്പുറം പോലീസില്‍ പരാതി നല്‍കി.

Exit mobile version