ബിഎയ്ക്കും എംഎയ്ക്കും ഒന്നാം റാങ്ക്, എന്നിട്ടും കേരളത്തില്‍ ജോലി ഇല്ല: ജോലിയ്ക്കായി മകള്‍ കാനഡയിലേക്ക്; വൈറലായി ഒരു അച്ഛന്റെ കുറിപ്പ്

കോട്ടയം: മകള്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാംറാങ്കോടെ പാസ്സായെങ്കിലും നാട്ടില്‍ ജോലി കിട്ടാത്ത സാഹചര്യത്തെ രൂക്ഷമായി വിമര്‍ശിച്ച് പിതാവിന്റെ കുറിപ്പ് വൈറല്‍. കാഞ്ഞിരപ്പള്ളി സ്വദേശിയും ഫോട്ടോഗ്രാഫറായ സഖറിയ പൊന്‍കുന്നമാണ് സംസ്ഥാനത്തെ കോഴ നിയമനങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ബിഎ ഇംഗ്ലീഷും കേരള സര്‍വകലാശാലയില്‍ നിന്ന് എംഎയും ഒന്നാം റാങ്കോടെ പാസായ സഖറിയയുടെ മകള്‍ സാറ നാട്ടില്‍ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ അവസരം ലഭിക്കാതെ വന്നതോടെയാണ് കാനഡയിലേക്ക് പോയത്. കോളേജ് അധ്യാപകര്‍ക്കുള്ള യുജിസി യോഗ്യതയായ നെറ്റും നേടി. എന്നിട്ടും കേരളത്തില്‍ സ്ഥിര ജോലി എന്ന സ്വപ്നത്തിലേക്ക് സാറയ്ക്ക് എത്താനായില്ല

മകള്‍ ഒരു നല്ല ജോലിക്കായി കാനഡയിലേക്ക് പോകുകയാണെന്ന് പറഞ്ഞുകൊണ്ടു തുടങ്ങുന്ന കുറിപ്പിലാണ് പഠനത്തില്‍ മികച്ച വിജയം നേടിയാലും നാട്ടില്‍ ജോലി ലഭിക്കാന്‍ അത് പോരെന്ന് വ്യക്തമാക്കുന്നത്. ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഈ ഉന്നതവിജയം നേടിയ കുട്ടിയെ വേണ്ടെന്നും എല്ലാവര്‍ക്കും വേണ്ടത് പണമാണെന്നും കുറിപ്പില്‍ സഖറിയ പറയുന്നു.

ഒരു കോളേജ് അധ്യാപക നിയമനത്തിന് ചോദിക്കുന്ന ലക്ഷങ്ങള്‍ സാധാരണക്കാരന് താങ്ങാനാവില്ലെന്ന് പോസ്റ്റില്‍ പറയുന്നു. അദ്ദേഹം റാങ്ക് കൊടുക്കുന്ന രീതി നിര്‍ത്തലാക്കുന്നതാണ് നല്ലതെന്ന് വിദ്യാഭ്യാസമന്ത്രിയോടും യൂണിവേഴ്‌സിറ്റികളോടും അഭ്യര്‍ത്ഥിക്കുന്നു.

അതല്ലാത്ത പക്ഷം, ഏത് വിഷയത്തിലും ഒന്നും രണ്ടും റാങ്ക് നേടുന്ന കുട്ടികളെ എത്രയും വേഗം അവരുടെ പ0നത്തിന് യോഗ്യമായ തസ്തികകളില്‍ കാലതാമസം കൂടാതെ നിയമിച്ച് അവരില്‍ ഉള്ള കഴിവുകളെ ഇന്നാട്ടിലെ തലമുറകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഒരു തീരുമാനം ഉണ്ടാക്കുന്ന കാര്യം ആലോചിക്കണമെന്നും വിദ്യാഭ്യാസമന്ത്രിയോട് പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നു.
”ഒടുവിൽ
ഞങ്ങളുടെ സാറാ ..
ഇതാ ക്യാനഡയിലേക്ക്.
ഞങ്ങളുടെ കൂടെ
ഈ നാട്ടിൽ
ജീവിക്കണമെന്ന്
അവൾ
ആഗ്രഹിച്ചു.
ഞങ്ങളും
ആഗ്രഹിച്ചു.
പക്ഷേ:
വെറുതെ ജീവിക്കാൻ
ആവില്ലല്ലോ.
ഒരു നല്ല ജോലി
ഇക്കാലത്ത്
ആവശ്യമാണ്.

അവൾ
നന്നായി പഠിച്ചു.
പഠനത്തിൽ
നന്നായി അദ്ധ്വാനിച്ചു.
നല്ല റിസൽട്ട് ലഭിച്ചു.
English Lit..BA
MG.university Ist Rank
MA. Kerala university, Ist Rank.
പക്ഷേ:
ഇവിടെ ഒരു വിദ്യാഭ്യാസ
സ്ഥാപനത്തിനും
ഈ ഉന്നത വിജയം നേടിയ
കുട്ടിയെ വേണ്ട.
എല്ലാവർക്കും വേണ്ടത്
പണമാണ്.
പണം.
അതും ലക്ഷങ്ങൾ .
ഒരു കോളജ് അദ്ധ്യാപക
നിയമനത്തിന് ചോദിക്കുന്ന
ലക്ഷങ്ങൾ
സാധാരണക്കാരന്
താങ്ങാനാവില്ല.

ഒരു പിതാവ്
എന്ന നിലയിൽ
വിദ്യാഭ്യാസ മന്ത്രിയോടും
യൂണിവേഴ്സിറ്റികളോടും
ഒരു അഭ്യർത്ഥn ഉണ്ട്.
ദയവു ചെയ്ത്
ഈ റാങ്ക്
കൊടുക്കുന്ന രീതി
അങ്ങ് നിർത്തി കളയു.
എന്തിനാണ്
കുട്ടി കൾക്ക് വെറുതെ
ആശ കൊടുക്കുന്നത്?
എന്റെ മകൾ
റാങ്കിനു വേണ്ടി
പഠിച്ചതല്ല
പഠിച്ചപ്പോൾ
റാങ്ക് കിട്ടി പോയതാണ്.
അത് കിട്ടുമ്പോൾ
ആ കുട്ടികൾ
സ്വാഭാവികമായും
വിചാരിക്കുന്നു ഇവിടെ
ഒരു ജോലിക്ക്
പ്രഥമ പരിഗണന
കിട്ടുമല്ലോ എന്ന്.
പക്ഷേ
ദു:ഖമുണ്ട്
ഇന്ന്
പ്രഥമ പരിഗണന
ഞാൻ എത്ര തുക
നിയമനത്തിന്
കൊടുക്കും എന്നതാണ്.
പഠനവും, കഴിവും
പഠിപ്പിക്കാനുള്ള
താൽപര്യവും
ആർക്ക്, ഏത് മാനേജ്മെന്റിന്
വേണം?
അങ്ങിനെ ഒരു താൽപര്യം
ഏതെങ്കിലും കോളജിന്
ഉണ്ടെങ്കിൽ
എന്റെ കുട്ടി
കഴിഞ്ഞ രണ്ടു വർഷം ,
കാത്തിരുന്ന്
ഒടുവിൽ
ഒരു വിദേശ രാജ്യത്ത്
അഭയം തേടി
പോകേണ്ടി വരില്ലായി രുന്നു.
ബഹു .വിദ്യാഭ്യാസ മന്ത്രിയോട്
ഒരു അഭ്യർത്ഥm ഉണ്ട്.
ഏത് വിഷയത്തിലും
ഒന്നും രണ്ടും റാങ്ക്
നേടുന്ന കുട്ടികളെ
എത്രയും വേഗം
അവരുടെ പ0നത്തിന്
യോഗ്യമായ തസ്തിക ക ളിൽ
കാലതാമസം കൂടാതെ
നിയമിച്ച് അവരിൽ
ഉള്ള കഴിവുകളെ
ഇന്നാട്ടിലെ തലമുറകൾക്ക്
പ്രയോജനപ്പെടുത്താൻ
ഒരു തീരുമാനം
ഉണ്ടാക്കുന്ന കാര്യം
ആലോചിക്കണം.
ഒരു അപേക്ഷയാണ്.”

Exit mobile version