കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് പാളി ഇളകിവീണ സംഭവം; അര്‍ച്ചന കവിയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി ഇളകിവീണ സംഭവത്തില്‍ കാറുടമ നടി അര്‍ച്ചന കവിയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കെഎംആര്‍എല്‍.

കഴിഞ്ഞ ദിവസമാണ് മുട്ടത്തുവച്ച് അര്‍ച്ചനയുടെ കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് പാളി ഇളകിവീണത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെട്രോ റെയില്‍ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസ് നിര്‍ദേശിച്ചു.

കൊച്ചി മെട്രോയുടെ ആലുവ മുതല്‍ മഹാരാജാസ് വരേയുള്ള ഭാഗത്ത് വിശദമായ പഠനം നടത്തി ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൂടാതെ ഡല്‍ഹി മെട്രോ റെയിലിനെ സംഭവത്തെപ്പറ്റി ധരിപ്പിച്ചിട്ടുമുണ്ട്.

അര്‍ച്ചന സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറത്തറിയുന്നത്.
തുടര്‍ന്നാണ് കൊച്ചി മെട്രോയുടെ ഇടപെടല്‍. സംഭവത്തെ തുടര്‍ന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യാഴാഴ്ച തന്നെ പരിശോധന നടത്തുകയും മെട്രോയുടെ വലിയ പാലത്തില്‍ നിന്നും പാളികള്‍ അടര്‍ന്നുവീണതായി കണ്ടെത്തുകയും ചെയ്തിരുന്നു.

Exit mobile version