നിപ ഭീതി ഒഴിയുന്നു: ഏഴാമത്തെ ആള്‍ക്കും നിപയില്ല

കൊച്ചി: നിപ ഭീതി അകലുന്നു. നിപ രോഗിയുമായി അടുത്ത് ഇടപഴകിയ ഒരാള്‍ക്ക് കൂടി നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു. നിപ ലക്ഷണങ്ങളോട് കൂടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലഷന്‍ വാര്‍ഡില്‍ പ്രവേശിച്ച ഏഴാമത്തെ ആള്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി ഒരാളുടെ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു.

നിലവില്‍ 316 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. എന്നാല്‍ ഇത്രയും പേര്‍ രോഗബാധിതനായ വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയവരല്ല. നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേര്‍ക്ക് നിപാ ബാധയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ആറ് പേരുടേയും സാമ്പിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി. വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നഴ്‌സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇവരുടെ സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. വിദ്യാര്‍ത്ഥിയോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പേര്‍ക്കും നിപ ബാധയില്ലെന്ന സ്ഥിരീകരണം വലിയ ആശ്വാസത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

Exit mobile version