നിപ്പയുടെ വ്യാപനം തടയാന്‍ ഊര്‍ജ്ജിത ശ്രമം: ഉറവിടം തേടി പ്രത്യേക അന്വേഷണസംഘം തൃശൂരിലേക്ക്, ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജം

തിരുവനന്തപുരം: നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി സര്‍വകലാശാല, വനം, വന്യജീവി വകുപ്പ് എന്നിവരോട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

രോഗബാധയുടെ ഉറവിടം കണ്ടെത്താനും വ്യാപനം തടയാനുമുള്ള മൃഗസംരക്ഷണ വകുപ്പിന്റെയും വെറ്ററിനറി സര്‍വകലാശാലയുടെയും പ്രത്യേക സംഘം രോഗബാധിതനായ വിദ്യാര്‍ഥി തൃശൂരില്‍ താമസിച്ചിരുന്ന സ്ഥലങ്ങള്‍ ഉടന്‍ സന്ദര്‍ശിക്കും.

രോഗബാധിതനായ വ്യക്തി താമസിച്ചിരുന്ന സ്ഥലങ്ങളിലെ മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയെ പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലുള്ള വന്യജീവി വകുപ്പിന്റെ ലാബ് സജ്ജമാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു നിര്‍ദേശം നല്‍കി. എറണാകുളം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍, എറണാകുളം, കൊല്ലം ജില്ലകളിലായി 86 പേര്‍ നിരീക്ഷണത്തിലാണ്. തൃശൂരില്‍ 27, എറണാകുളത്ത് 56, കൊല്ലത്ത് മൂന്നു പേരുമാണ് നിരീക്ഷണത്തിലുള്ളത്. തൃശൂരില്‍ 17 പുരുഷന്മാരും 10 സ്ത്രീകളുമാണ് നിരീക്ഷണത്തില്‍. ഒരാള്‍ക്ക് നേരിയ പനിയുണ്ട്. വിദ്യാര്‍ഥിക്കൊപ്പം പരിശീലന പരിപാടിയില്‍ പങ്കെടുത്ത മൂന്നു പേരാണ് കൊല്ലത്തു നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ ആര്‍ക്കും പനിയോ മറ്റു ലക്ഷണങ്ങളോയില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എങ്കിലും വീടിനു പുറത്തേക്കിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിവി ഷെര്‍ലി അറിയിച്ചു.

ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു. കണ്‍ട്രോള്‍ റൂം നമ്പരുകള്‍: തൃശൂര്‍: 04872320466, 2325329, ഡല്‍ഹി: 011 23978046. കോട്ടയം: 04812304110, ദിശ ഹെല്‍പ് ലൈന്‍: 1056

Exit mobile version