പിജെ ജോസഫിന്റെ കോലം കത്തിച്ച സംഭവം: മാണി വിഭാഗം നേതാവിനെതിരെ അച്ചടക്ക നടപടി

കോട്ടയം: പിജെ ജോസഫിന്റെ കോലം കത്തിച്ച മാണി വിഭാഗം നേതാവിനെതിരെ
അച്ചടക്ക നടപടി. മാണി വിഭാഗം നേതാവായ ജയകൃഷ്ണന്‍ പുതിയേടത്തിനെ ഇടവെട്ടി മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി.

ഇടുക്കി ജില്ലാ പ്രസിഡന്റും ജോസഫ് വിഭാഗം നേതാവുമായ എംജെ ജേക്കബാണ് നടപടി സ്വീകരിച്ചത്. വൈകിട്ട് പിജെ ജോസഫിന്റെ കോലം കത്തിക്കാന്‍ നേതൃത്വം നല്‍കിയത് ജയകൃഷ്ണനാണ്. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നതിനിടെയാണ് മാണിവിഭാഗം നേതാവിനെതിരെ അച്ചടക്കനടപടിയും സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ പിജെ ജോസഫാണ് പാര്‍ട്ടി ചെയര്‍മാനാണെന്ന് കാണിച്ച് ജോയ് എബ്രഹാം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ജോസഫ് വിഭാഗത്തിന്റെ ഈ നീക്കത്തിനെതിരെയാണ് ഇടുക്കിയില്‍ മാണിവിഭാഗം പിജെ ജോസഫിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.

അതേസമയം, ജോയ് എബ്രഹാമിന്റെ കത്തിനെ തിരുത്തി മാണിവിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജോയ് എബ്രഹാമിന്റെ കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നായിരുന്നു റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പ്രതികരണം. കേരള കോണ്‍ഗ്രസില്‍ ചെയര്‍മാനെ തിരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ച് മാണിവിഭാഗം നേതാവ് ബി മനോജ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കിയിരുന്നു.

Exit mobile version